ഹോക്കി ലോകകപ്പ്; ക്വാര്‍ട്ടറില്‍ തോറ്റ് ഇന്ത്യ പുറത്ത്
സെമിഫെെനലിൽ നിലവിലെ ചാമ്പ്യൻമാരായ ആസ്ത്രേലിയയെ ആണ് നെതർലാൻഡ് നേരിടുന്നത്
ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യ സെമി കാണാതെ പുറത്ത്. നെതര്‍ലന്‍ഡ്സിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ തോറ്റത്. ക്വാർട്ടർഫെെനലിൽ ലോക നാലാം സ്ഥാനക്കാരായ നെതർലാൻഡിനെതിരെ തുടക്കത്തിൽ ലീഡ് നേടിയെങ്കിലും, പിന്നീട് മത്സരം കെെവിട്ട് പോവുകയായിരുന്നു.
അറ്റാക്കിംഗ് മത്സരം പുറത്തെടുത്ത ഇരു ടീമുകളും തുല്യ നിലയിലുള്ള പോരാട്ടമാണ് കാഴ്ച്ച വെച്ചത്. കളിയുടെ 12ാം മിനിട്ടിൽ ലഭിച്ച പെനാൽട്ടി ആകാശ്ദീപ് സിംഗിലൂടെ ഗോളാക്കി മാറ്റി മികച്ച തുടക്കമിട്ട ഇന്ത്യക്ക് പക്ഷേ, നെതർലാൻഡിന്റെ തിയറി ബ്രിങ്ക്മാനിലൂടെ 15ാം മിനിറ്റിൽ തന്നെ മറുപടി ഗോൾ ലഭിച്ചു. തുടർന്ന് ഇരു ടീമുകളും കൃത്യമായ ഇടവേളകളിൽ ഗോളുകൾക്കായി ശ്രമിച്ചെങ്കിലും, ഫലം മാറി നിൽക്കുകയായിരുന്നു.
മത്സരത്തിന്റെ അൻപതാം മിനിറ്റിൽ ലഭിച്ച പെനാൽട്ടി അവസരം ഗോളാക്കി മാറ്റിയ നെതർലാൻഡ് ലീഡ് ഉയർത്തി ഒടുവില്‍ വിജയമുറപ്പിക്കുകയായിരുന്നു. അൽഫോൻസ് വീർഡനാണ് ഡച്ച് പടയുടെ വിജയ ഗോൾ നേടിയത്. അവസാന നിമിഷങ്ങളിൽ ഇന്ത്യ പൊരുതിയെങ്കിലും, പ്രതിരോധം ശക്തമാക്കിയ നെതർലാൻഡ് മുന്നേറ്റങ്ങളെ തടഞ്ഞിട്ടു. സെമിഫെെനലിൽ നിലവിലെ ചാമ്പ്യൻമാരായ ആസ്ത്രേലിയയെ ആണ് നെതർലാൻഡ് നേരിടുന്നത്.