ഒമിക്രോണ്‍; പ്രതിദിന രോഗബാധിതര്‍ 14 ലക്ഷം വരെ ഉയരാന്‍ സാധ്യത, മുന്നറിയിപ്പുമായി കേന്ദ്രം

അനാവശ്യ യാത്രകൾ, ആള്‍ക്കൂട്ടം, പുതുവത്സര ആഘോഷങ്ങൾ എന്നിവയിൽ ജാഗ്രത പാലിക്കണമെന്നും കോവിഡ് ടാസ്‌ക് ഫോഴ്സ് മേധാവി വ്യക്തമാക്കി.

Update: 2021-12-18 09:01 GMT
Advertising

ഇന്ത്യയിൽ ഒമിക്രോൺ വ്യാപനം രൂക്ഷമാവാൻ സാധ്യതയെന്ന് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. യു.കെ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ രോ​ഗവ്യാപന തോതുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രതിദിന രോ​ഗബാധിതരുടെ എണ്ണം 14 ലക്ഷം വരെ ഉയരാൻ സാധ്യതയുണ്ടെന്നും കോവിഡ് ടാസ്‌ക് ഫോഴ്സ് മേധാവി വി.കെ പോള്‍ അറിയിച്ചു. 

ഒമിക്രോണ്‍ വ്യാപനം യൂറോപ്യന്‍ രാജ്യങ്ങളില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. 88,042 കേസുകളാണ് 24 മണിക്കൂറിനിടെ യു.കെയിൽ റിപ്പോർട്ട് ചെയ്തത്. ഫ്രാൻസിൽ 65,000 കേസുകളാണുള്ളത്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ ജനസംഖ്യ കൂടി കണക്കിലെടുത്താല്‍ പ്രതിദിനം 14 ലക്ഷം കേസുകൾ വരെ ഉണ്ടാകും. അനാവശ്യ യാത്രകൾ, ആള്‍ക്കൂട്ടം, പുതുവത്സര ആഘോഷങ്ങൾ എന്നിവയിൽ ജാഗ്രത പാലിക്കണമെന്നും വി.കെ പോള്‍ പറ‍ഞ്ഞു. 

നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ ഒമിക്രോൺ ഡെൽറ്റയെ മറികടക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഡെൽറ്റ വ്യാപനം കുറവായിരുന്ന ദക്ഷിണാഫ്രിക്കയിൽ അതിനേക്കാൾ വേഗതയിലാണ് ഒമിക്രോണിന്‍റെ വ്യാപനമുള്ളതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. 

ഇന്ത്യയില്‍ 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 101 ഒമിക്രോൺ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ കേസുകളുള്ളത് മഹാരാഷ്ട്രയിലാണ്. മുംബൈയില്‍ 32 ഒമിക്രോൺ ബാധിതരാണുള്ളത്. ഡൽഹിയിൽ പത്ത് പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കർണാടക, ഗുജറാത്ത്, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News