പണമില്ല; ഏഴായിരം കോടി രൂപയുടെ ഏറ്റെടുക്കൽ വേണ്ടെന്നു വച്ച് അദാനി

ധാരണാപത്രം കാലഹരണപ്പെട്ടതായി അദാനി പവർ സ്റ്റോക് എക്‌സ്‌ചേഞ്ചിനെ അറിയിച്ചു.

Update: 2023-02-16 06:56 GMT
Editor : abs | By : Web Desk
Advertising

മുംബൈ: 7017 കോടി രൂപയ്ക്ക് ഊർജ്ജ കമ്പനിയായ ഡി.ബി പവറിനെ ഏറ്റെടുക്കാനുള്ള അദാനി പവറിന്റെ നീക്കം പൊളിഞ്ഞു. ഫെബ്രുവരി 15 ആയിരുന്നു വിനിമയം നടത്തി ഏറ്റെടുക്കേണ്ടിയിരുന്ന അവസാന തിയ്യതി. ഇരു കമ്പനികളും തമ്മിൽ ഒപ്പുവച്ചെ ധാരണാപത്രം കാലഹരണപ്പെട്ടതായി അദാനി പവർ റഗുലേറ്ററി ഫയലിങ്ങിലൂടെ സ്റ്റോക് എക്‌സ്‌ചേഞ്ചിനെ അറിയിച്ചു.

2022 ആഗസ്ത് 18നായിരുന്നു ഇരു കമ്പനികളും തമ്മിലുള്ള കരാർ. ആ വർഷം ഒക്ടോബർ 31ന് ഏറ്റെടുക്കൽ പൂർത്തിയാക്കണം എന്നാണ് ധാരണാ പത്രത്തിൽ പറഞ്ഞിരുന്നത്. പിന്നീട് ഇത് നാലു തവണ മാറ്റിവച്ചെങ്കിലും അദാനി പവറിന് ആവശ്യമായ തുക കണ്ടെത്താനായില്ല എന്നാണ് വിവരം. ഛത്തീസ്ഗഢിലെ ജഞ്ച്ഗിർ ചാമ്പയിൽ 1200 മെഗാ വാട്ട് കോൾ ഫയേഡ് പവർ പ്ലാന്റാണ് ഡി.ബി പവറിന് സ്വന്തമായുള്ളത്.

രാജ്യത്തുടനീളം സാന്നിധ്യം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അദാനി പവർ ഡി.ബി പവറുമായി കരാറിലേർപ്പെട്ടിരുന്നത്. ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ മൂല്യം പകുതിയോളം ഇടിഞ്ഞ അദാനിക്ക് കരാർ കാലഹരണപ്പെട്ടത് വൻ ആഘാതമായി. ഇതിന് മുമ്പ് നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് മുമ്പോട്ടു വച്ച ഇരുപതിനായിരം കോടി രൂപയുടെ ഫോളോ ഓൺ പബ്ലിക് ഓഫറിങ് (എഫ്.പി.ഒ) അദാനി ഗ്രൂപ്പിന് പിൻവലിക്കേണ്ടി വന്നിരുന്നു.

പത്തു ലക്ഷം കോടിയുടെ നഷ്ടം

ജനുവരി 24ന് ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം അദാനി ഗ്രൂപ്പിന്റെ പത്ത് ലിസ്റ്റഡ് കമ്പനികളുടെ മൂല്യത്തിൽനിന്ന് പത്തു ലക്ഷം കോടിയിലേറെ രൂപയാണ് ഒലിച്ചുപോയത്. മൂല്യം പെരുപ്പിച്ചു കാട്ടിയാണ് അദാനി ഓഹരികളുടെ വിനിമയം നടക്കുന്നത് എന്നായിരുന്നു യുഎസ് സാമ്പത്തിക ഗവേഷണ സ്ഥാപനത്തിന്റെ പ്രധാന ആരോപണം. ഇതിന് ശേഷം കമ്പനിക്കേറ്റ തിരിച്ചടി ഇന്ത്യൻ ഓഹരി വിപണിയിലെ തന്നെ ഏറ്റവും വലിയ വീഴ്ചയായി കണക്കാക്കപ്പെടുന്നു.

എസിസി, അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ എനർജി, അദാനി പോർട്‌സ്, അദാനി പവർ, അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ, അദാനി വിൽമർ, അംബുജ സിമെന്റ്‌സ്, എൻഡിടിവി എന്നീ കമ്പനികളാണ് നാഷണൽ സ്‌റ്റോക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്ത അദാനി കമ്പനികൾ. 

തിരിച്ചടികൾക്ക് പിന്നാലെ അദാനി ഗ്രീൻ എനർജിയുടെ റേറ്റിങ് മൂഡീസ് ഇൻവസ്റ്റർ സർവീസ് സ്റ്റേബിളിൽനിന്ന് നെഗറ്റീവിലേക്ക് താഴ്ത്തിയിരുന്നു.

Summary: Adani Power Ltd's Rs 7,017-crore deal to buy thermal power assets of DB Power has fallen after the pact expired.





Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News