ആന്ധ്രാപ്രദേശിലും ചണ്ഡീഗഡിലും കർണാടകയിലും ഒമിക്രോൺ ; രോഗികളുടെ എണ്ണം 36 ആയി ഉയർന്നു
ആശങ്കപെടരുത്, മുൻകരുതലുകൾ തുടരണമെന്നും സർക്കാരുകൾ
കൊവിഡിന്റെ പുതിയവകഭേദമായ ഒമിക്രോൺ ആന്ധ്രാപ്രദേശിലും ചണ്ഡീഗഡിലും കൂടി സ്ഥിരീകരിച്ചു. കർണാടകയിൽ ഒരാൾക്ക് കൂടി രോഗം കണ്ടെത്തി. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ഒമിക്രോൺ കേസുകളുടെ എണ്ണം 36 ആയി.
ഞായറാഴ്ചയാണ് ആന്ധ്രാപ്രദേശിൽ ആദ്യ ഒമിക്രോൺ കേസ് കണ്ടെത്തിയത്. അയർലൻഡിൽ നിന്നെത്തിയ 34 കാരനായ യാത്രക്കാരനിലാണ് ഒമിക്രോൺ സാന്നിധ്യം കണ്ടെത്തിയത്. ഇയാൾക്ക് കാര്യമായ മറ്റ് രോഗലക്ഷണങ്ങളൊന്നുമില്ലായിരുന്നു. ആർടിപിസിആർ പരിശോധനയിൽ ഇയാൾക്ക് കൊവിഡ് നെഗറ്റീവാണ്.ശനിയാഴ്ച രാത്രി വൈകിയാണ് ചണ്ഡീഗഡിൽ ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചത്. നവംബർ 22 ന് ഇറ്റലിയിൽ നിന്ന് എത്തിയ 20 വയസുകാരനിലാണ് രോഗം കണ്ടെത്തിയത്. ബന്ധുക്കളെകാണാൻ ഇന്ത്യയിലെത്തിയതാണ് ഇദ്ദേഹം. ഇയാൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
ഡിസംബർ 19 നാണ് പരിശോധനയിൽ കൊവിഡ് പോസറ്റീവാണെന്ന് കണ്ടെത്തിയത്. മറ്റ് രോഗലക്ഷണങ്ങളൊന്നുമില്ലാത്ത ഇയാൾ രണ്ടുഡോസ് വാക്‌സിനും എടുത്തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മുൻകരുതൽ നടപടിയെന്ന നിലയിൽ പ്രാഥമിക സമ്പർക്കം പുലർത്തിയ ഏഴുപേരെ ഞായറാഴ്ച കോവിഡ് -19 പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.
കർണാടകയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ 34 കാരനാണ് രോഗം കണ്ടെത്തിയത്. ഇയാൾ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ.സുധാകർ പറഞ്ഞു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമൈക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്, 17 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത് എന്നിവയിലും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആശങ്കവേണ്ട, കരുതൽ മതി- കേന്ദ്ര സർക്കാർ
ഒമിക്രോണുമായി ബന്ധപ്പെട്ട് നടക്കുന്ന അഭ്യൂഹങ്ങളിൽ ആശങ്കപ്പെടുകയോ വിശ്വസിക്കുകയോ ചെയ്യരുതെന്നും മുൻകരുതലുകൾ തുടരണമെന്നും സംസ്ഥാന സർക്കാരുകൾ പൊതുജനങ്ങളോട് നിർദേശം നൽകി. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, പതിവായി കൈ കഴുകുക എന്നിവ തുടരുകയാണ് രോഗത്തെ അകറ്റാനുള്ള വഴി.