'മണിപ്പൂരില്‍ സ്ത്രീകൾ കലാപകാരികളെ മോചിപ്പിക്കുന്നു': മനുഷ്യത്വം പ്രകടിപ്പിക്കുന്നത് ദൗർബല്യമായി കാണരുതെന്ന് സേനയുടെ മുന്നറിയിപ്പ്
'മണിപ്പൂരിലെ വനിതാ പ്രവർത്തകർ ബോധപൂർവം വഴിതടയുകയും സുരക്ഷാ സേനയുടെ പ്രവർത്തനങ്ങളിൽ ഇടപെടുകയും ചെയ്യുന്നു'
ഇംഫാല്‍: മണിപ്പൂരിൽ സൈന്യത്തിന്‍റെ പ്രവർത്തനം തടയാൻ സ്ത്രീകളടക്കമുള്ളവർ ശ്രമിക്കുന്നുവെന്ന് കരസേന. സ്ത്രീകൾ സംഘടിതരായി കലാപകാരികളെ രക്ഷപ്പെടാൻ അനുവദിക്കുന്നു. മനുഷ്യത്വം പ്രകടിപ്പിക്കുന്നത് ദൗർബല്യമായി കാണരുതെന്ന് സേന മുന്നറിയിപ്പ് നല്‍കി.
"മണിപ്പൂരിലെ വനിതാ പ്രവർത്തകർ ബോധപൂർവം വഴിതടയുകയും സുരക്ഷാ സേനയുടെ പ്രവർത്തനങ്ങളിൽ ഇടപെടുകയും ചെയ്യുന്നു. ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിനുള്ള നിർണായക സാഹചര്യങ്ങളിൽ സുരക്ഷാ സേനയുടെ സമയോചിതമായ ഇടപെടലിന് ഇത് തടസ്സമാണ്. സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങളെ പിന്തുണയ്ക്കാൻ ഇന്ത്യൻ സൈന്യം എല്ലാ ജനവിഭാഗങ്ങളോടും അഭ്യർഥിക്കുന്നു"- സ്ത്രീകള്‍ വഴിതടയുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് സേനയുടെ ട്വീറ്റ്.
മൂന്നു ദിവസത്തെ ദൃശ്യങ്ങളാണ് സേന പുറത്തുവിട്ടത്. ആംബുലൻസുകൾ പോലും അക്രമകാരികളുടെ യാത്രയ്ക്കായി ഉപയോഗിക്കുന്നുവെന്നും രാപകലില്ലാതെ സൈനിക നടപടികൾ തടസ്സപ്പെടുത്തുന്നുവെന്നും സൈന്യം വിമര്‍ശിച്ചു. സമാധാനം കൊണ്ടുവരാൻ എല്ലാവരുടെയും പിന്തുണ അഭ്യർഥിക്കുന്നുവെന്നും സേന പറഞ്ഞു.
അതേസമയം മണിപ്പൂർ സംഘർഷം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ ഉന്നതതല യോഗം ചേർന്നു. നിലവിലെ സാഹചര്യം അമിത് ഷാ മോദിയെ ധരിപ്പിച്ചു. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനം ഉയർത്തുന്ന പശ്ചാത്തലത്തിലാണ് വിദേശ പര്യടനം കഴിഞ്ഞെത്തിയ ഉടൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നത്.
മണിപ്പൂരില്‍ ജനജീവിതം സാധാരണനിലയില്‍ എത്തിക്കുന്നതിന്‍റെ ഭാഗമായി ഇന്ധനത്തിന്‍റെയും എല്‍പിജി സിലിണ്ടറുകളുടെയും ക്രമമായ വിതരണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ യോഗത്തില്‍ തീരുമാനമെടുത്തതായി സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു. എന്‍ ബിരേന്‍ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യങ്ങള്‍ക്കിടയിലും മാറ്റം സംബന്ധിച്ച് നേതൃത്വം തീരുമാനം എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
പ്രതിപക്ഷം എപ്പോഴും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടിരിക്കുമെന്നാണ് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്‍റെ പ്രതികരണം. അതേസമയം മോദിയെ കാണാനെത്തിയ മണിപ്പൂരിലെ 10 പ്രതിപക്ഷ പാർട്ടി നേതാക്കൾ ഡൽഹിയിൽ തുടരുകയാണ്.