ദീപാവലിയില്‍ വ്യാപക പടക്കം പൊട്ടിക്കല്‍; ബി.ജെ.പി നേതാക്കള്‍ ആളുകളെ പടക്കം പൊട്ടിക്കാന്‍ പ്രേരിപ്പിച്ചുവെന്ന് ഡല്‍ഹി മന്ത്രി

സുപ്രികോടതി ഉത്തരവ് പോലും മറികടന്നാണ് തലസ്ഥാനത്ത് ആളുകള്‍ പടക്കം പൊട്ടിക്കല്‍ പോലുള്ള ആഘോഷങ്ങളില്‍ മുഴുകിയത്

Update: 2023-11-13 07:26 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

ഡല്‍ഹി: ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി ആളുകള്‍ ഞായറാഴ്ച വന്‍തോതില്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ വായു മലിനീകരണ തോത് വീണ്ടും കൂടിയിരിക്കുകയാണ്. സുപ്രികോടതി ഉത്തരവ് പോലും മറികടന്നാണ് തലസ്ഥാനത്ത് ആളുകള്‍ പടക്കം പൊട്ടിക്കല്‍ പോലുള്ള ആഘോഷങ്ങളില്‍ മുഴുകിയത്. ഡല്‍ഹിയിലെ സ്ഥിതി മോശമായിട്ടും ബി.ജെ.പി നേതാക്കള്‍ ആളുകളെ പടക്കം പൊട്ടിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ആരോപിച്ചു.

കഴിഞ്ഞ മൂന്ന് ദിവസമായി ഡൽഹിയിലെ വായു നിലവാര സൂചിക 215ല്‍ എത്തിയിരുന്നു. ദീപാവലി ആഘോഷം കൂടി കഴിഞ്ഞതോടെ ഇത് വീണ്ടും കൂടിയതായി മന്ത്രി പറഞ്ഞു. "പലരും പടക്കം പൊട്ടിച്ചില്ലെങ്കിലും ചിലയിടങ്ങളിൽ ലക്ഷ്യം വെച്ച് പടക്കം പൊട്ടിക്കുന്നത് കണ്ടു. വായുവിന്‍റെ ഗുണനിലവാരം മോശമാകരുതെന്നായിരുന്നു ഡൽഹിയിലെ ജനങ്ങളുടെ മനസ്സിൽ. എന്നാൽ പടക്കം പൊട്ടിക്കാൻ ബിജെപി ജനങ്ങളെ പ്രോത്സാഹിപ്പിച്ചതിന് ഡൽഹി വില കൊടുക്കുകയാണ്. പടക്കം പൊട്ടിച്ചില്ലെങ്കിൽ ഡൽഹിയുടെ അന്തരീക്ഷം ഇപ്പോൾ ശുദ്ധമായേനെ,’ മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച വൈകിട്ട് ആഘോഷം പൊടിപൊടിക്കുമ്പോള്‍ എയർ ക്വാളിറ്റി മോണിറ്ററുകളിലെ തത്സമയ ട്രെൻഡുകൾ ഡൽഹിയിലെ വായു മലിനീകരണ തോതിൽ വലിയ കുതിച്ചുചാട്ടം രേഖപ്പെടുത്തി. അയൽ സംസ്ഥാനങ്ങളായ ഹരിയാനയിലും ഉത്തർപ്രദേശിലും കേന്ദ്രത്തിലും ബി.ജെ.പിയാണ് അധികാരത്തിലുള്ളതെന്ന് ഡൽഹി മന്ത്രി പറഞ്ഞു."പടക്കം പൊട്ടിക്കരുതെന്ന് ഏതെങ്കിലും ബി.ജെ.പി നേതാവ് ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ടോ? സുപ്രിംകോടതി ഉത്തരവുണ്ടായിട്ടും ബി.ജെ.പി അതിന്റെ ഉത്തരവാദിത്തം നിറവേറ്റാത്തത് നിർഭാഗ്യകരമാണ്. പടക്കം പൊട്ടിക്കണമെന്ന് ബി.ജെ.പി ആഗ്രഹിച്ചിരുന്നു. ഫലം അനുഭവിക്കുന്നത് നമ്മളാണ്," ഗോപാല്‍ റായ് കുറ്റപ്പെടുത്തി. ദേശീയ തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണ തോത് ചർച്ച ചെയ്യാൻ റായ് ഇന്ന് ഉച്ചയ്ക്ക് ഒരു യോഗം വിളിച്ചിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News