ഒമിക്രോണ്‍; പ്രതിരോധ നടപടികൾ വിലയിരുത്താൻ കേന്ദ്രം സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു
എയർപോർട്ട് പബ്ലിക് ഹെൽത്ത് ഓഫീസർമാരുമായും പോർട്ട് ഹെൽത്ത് ഓഫീസർമാരുമായും മന്ത്രി ചർച്ച നടത്തും
ഒമിക്രോൺ പ്രതിരോധ നടപടികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു. എയർപോർട്ട് പബ്ലിക് ഹെൽത്ത് ഓഫീസർമാരുമായും പോർട്ട് ഹെൽത്ത് ഓഫീസർമാരുമായും മന്ത്രി ചർച്ച നടത്തും. ഓൺലൈനായാണ് യോഗം.
അതേസമയം ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര യാത്രക്കായി നിലവിലെ എയര്‍ ബബിള്‍ സംവിധാനം തുടരാനാണ് കേന്ദ്ര തീരുമാനം. വിമാന സര്‍വീസ് സാധാരണഗതിയില്‍ ഡിസംബര്‍ 15 മുതല്‍ പുനരാരംഭിക്കേണ്ടതില്ലെന്ന് ഇന്നലെ തീരുമാനിച്ചിരുന്നു. യൂറോപ്പിലും സൗദിയിലുമടക്കം ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വിമാന സര്‍വീസ് സാധാരണ നിലയില്‍ ഉടന്‍ ആരംഭിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തിയത്. സര്‍വീസ് എപ്പോള്‍ ആരംഭിക്കണമെന്ന കാര്യത്തില്‍ തീരുമാനം പിന്നീടുണ്ടാകും.
നിലവില്‍ വിദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ശന പരിശോധനയും സമ്പര്‍ക്ക വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിസ്‌ക് പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആഗോള സാഹചര്യം സൂക്ഷ്മമായി വിലയിരുത്തി വിദഗ്ധരുമായി കൂടിയാലോചിച്ച് ഉചിതമായി തീരുമാനമെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.