മധ്യപ്രദേശ് സർക്കാരിന്റെ വിവാഹ സമ്മാന കിറ്റിൽ കോണ്ടവും ഗർഭനിരോധന ഗുളികകളും
കൂടുംബാസൂത്രണ പദ്ധതിയുടെ ബോധവത്കരണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് വിതരണം ചെയ്തതാണിവ എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
ഭോപ്പാൽ: കോണ്ടവും ഗർഭനിരോധന ഗുളികകളും ഉൾപ്പെടുത്തി മധ്യപ്രദേശ് സർക്കാരിന്റെ വിവാഹ സമ്മാന കിറ്റ്. ജാബുവ ജില്ലയിൽ നടന്ന സമൂഹവിവാഹ ചടങ്ങിൽ നവവധുക്കൾക്കായി വിതരണം ചെയ്ത കിറ്റുകളിലാണ് ഗർഭനിരോധന ഗുളികകൾ നൽകിയത്.
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ മുഖ്യമന്ത്രി കന്യ വിവാഹ്/നികാഹ് യോജന പദ്ധതിപ്രകാരമാണ് സമൂഹ വിവാഹം സംഘടിപ്പിച്ചത്. ദമ്പതികൾക്ക് വിതരണം ചെയ്ത മേക്കപ്പ് ബോക്‌സിനകത്താണ് കോണ്ടം പാക്കറ്റുകൾ വെച്ചത്.
Shamelessness at its peak in @ChouhanShivraj’s Govt :
— West Bengal Congress (@INCWestBengal) May 30, 2023
The @BJP4India government of #MadhyaPradesh has distributed #condoms and #contraceptivepills in the make-up boxes given under the #KanyaVivahYojana.
Do you have any shame left, #CM Ji❓ @adhirrcinc pic.twitter.com/rZ5Nldnm1o
സംഭവം വിവാദമായതോടെ കൂടുംബാസൂത്രണ പദ്ധതിയുടെ ബോധവത്കരണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് വിതരണം ചെയ്തതാണിവ എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. പദ്ധതിപ്രകാരം പെൺകുട്ടികൾക്ക് നൽകേണ്ട 55000 രൂപയിൽ 49000 പെൺകുട്ടികളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചതായും 6000 രൂപ ഭക്ഷണത്തിനും മറ്റുമാണ് ചെലവഴിച്ചതെന്നും ജില്ലാ അധികാരി ഭൂർസിങ് റാവത്ത് പറഞ്ഞു. വിവാഹ സമ്മാന കിറ്റ് വിതരണം പദ്ധതിയുടെ ഭാഗമല്ലെന്നും റാവത്ത് പറഞ്ഞു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികളുടെ വിവാഹത്തിന് സാമ്പത്തിക സഹായം നൽകാൻ 2006 ഏപ്രിലിലാണ് മധ്യപ്രദേശ് സർക്കാർ മുഖ്യമന്ത്രി കന്യ വിവാഹ്/നികാഹ് യോജന എന്ന പദ്ധതി ആരംഭിച്ചത്. പദ്ധതിപ്രകാരം വധുവിന്റെ കുടുംബത്തിന് 55,000 രൂപ ലഭിക്കും.