ജില്ലാ നേതൃയോഗങ്ങളിൽ വിമർശനം: അന്ധാളിച്ച് സിപിഎം സംസ്ഥാന നേതൃത്വം
മുഖ്യമന്ത്രിക്കെതിരെയാണ് കൂടുതൽ വിമർശനങ്ങളും ഉയർന്നത്
തിരുവനന്തപുരം: ജില്ലാ നേതൃയോഗങ്ങളിൽ ഉയർന്ന വിമർശനങ്ങളിൽ അന്ധാളിച്ച് സിപിഎം സംസ്ഥാന നേതൃത്വം. ഭരണ വിരുദ്ധ വികാരം ഇല്ലെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ജില്ലാ നേതൃയോഗങ്ങളിലെ രൂക്ഷമായ വിമർശനങ്ങൾ.വിമർശനങ്ങൾക്കെതിരെ യോഗങ്ങളിൽ എതിർ ശബ്ദങ്ങൾ ഉയർന്നില്ല എന്നുള്ളതും ശ്രദ്ധേയമാണ്
അസാധാരണമായ കാഴ്ചകളാണ് സിപിഎമ്മിൽ ഇപ്പോൾ നടക്കുന്നത്. സംസ്ഥാന കമ്മിറ്റിയിൽ സമീപകാലത്ത് ഒന്നും സർക്കാരിനെതിരെ മുഖ്യമന്ത്രിക്ക് എതിരെയും ഉയരാത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.ജില്ലാ നേതൃയോഗങ്ങളിലേക്ക് വരുമ്പോൾ വിമർശനങ്ങളുടെ സ്വഭാവം കൂടുതൽ കടുത്തതാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലുകളും മകളുമായി ബന്ധപ്പെട്ട വിവാദങ്ങളും എല്ലാം ജില്ലാ നേതൃയോഗങ്ങളിൽ വലിയ ചർച്ചയായി ഉയർന്നു വന്നിട്ടുണ്ട്..ഈ നിലയിൽ സർക്കാർ മുന്നോട്ടു പോയാൽ വലിയ തിരിച്ചടി ഉണ്ടാകുമെന്ന് പൊതുവികാരം ആണ് ജില്ലാ നേതൃയോഗങ്ങളിൽ ഉയർന്നു വന്നിട്ടുള്ളത്.തിരുത്തൽ മാർഗ്ഗരേഖ തയ്യാറാക്കുമ്പോൾ ജില്ലാ നേതൃയോഗങ്ങളിലെ വികാരങ്ങളെ ഉൾക്കൊള്ളാതെ മുന്നോട്ട് പോകാൻ കഴിയാത്ത തരത്തിലാണ് വിമർശനങ്ങൾ ഉയർന്നു വന്നിട്ടുള്ളത്.
ജില്ലാ നേതൃയോഗങ്ങളിൽ പങ്കെടുക്കുന്ന സംസ്ഥാന, കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്ക് പറഞ്ഞൊഴിയാൻ കഴിയാത്ത തരത്തിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്..മുഖ്യമന്ത്രിക്കെതിരാണ് കൂടുതൽ വിമർശനങ്ങൾ എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
മുഖ്യമന്ത്രിയുടെ ജില്ലയെ കണ്ണൂരിൽ നിന്ന് അടക്കം രൂക്ഷമായ വിമർശനങ്ങൾ ഉയർന്നത് പാർട്ടിയെ ഞെട്ടിച്ചിട്ടുണ്ട്.പാർട്ടിയുടെ അടിസ്ഥാന വോട്ട് പോലും ചോർന്നതിൽ പ്രധാനപ്പെട്ട കാരണം ഭരണവിരുദ്ധ വികാരമാണെന്ന് പൊതു വിലയിരുത്തലാണ് ജില്ലാ നേതൃയോഗങ്ങളിൽ ഉണ്ടായിരിക്കുന്നത്.
28ന് ആരംഭിക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ നിശിതമായ വിമർശനങ്ങൾ സർക്കാരിനെതിരെയും നേതാവ് മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെയും ഉയർന്നേക്കും..ബിജെപി നേതാവുമായുള്ള കൂടിക്കാഴ്ചയുടെ പേരിൽ ഇ പിക്കെതിരെ പാർട്ടിയുടെ അച്ചടക്കം നടപടി ഉണ്ടാകാനും സാധ്യതയുണ്ട്