രാജ്യത്തിന് കൂടുതൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ അനുമതി; തേജസ് എൽസിഎ വാങ്ങാൻ 65,000 കോടി രൂപ വകയിരുത്തി
റഷ്യൻ നിർമിത യുദ്ധവിമാനമായ സുഖോയ് എംകെഐ വിമാനങ്ങളുടെ ശേഷി വർധിപ്പിക്കാനും തുക വകയിരുത്തിയിട്ടുണ്ട്
Update: 2023-11-30 14:51 GMT
ന്യൂഡല്‍ഹി: രാജ്യത്തെ യുദ്ധവിമാനങ്ങളുടെ ശേഷി വർധിപ്പിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഇന്ത്യൻ നിർമിത യുദ്ധവിമാനമായ തേജസ് എൽസിഎ യുദ്ധവിമാനങ്ങൾ വാങ്ങാൻ 65,000 കോടി രൂപയാണ് വകയിരുത്തിയത്. 97 തേജസ് എൽ.സി.എ വിമാനങ്ങളാണ് വാങ്ങുക. കരസേനയ്ക്കായി 1.1 ലക്ഷം കോടി രൂപ മുടക്കി 156 പ്രചണ്ഡ് ആക്രമണ ഹെലികോപ്റ്ററുകളും വാങ്ങും. റഷ്യൻ നിർമിത യുദ്ധവിമാനമായ സുഖോയ് എംകെഐ വിമാനങ്ങളുടെ ശേഷി വർധിപ്പിക്കാനും തുക വകയിരുത്തിയിട്ടുണ്ട്.
1.64 ലക്ഷം കോടി രൂപ ചെലവ് വരുന്ന ഇടപാടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകുന്നതോടെ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ ഇടപാടുകളിൽ ഒന്നായി ഇത് മാറും. സൈന്യത്തിൻ്റെ കൈവശമുള്ള ഇരുനൂറ്റി അമ്പതോളം വരുന്ന സുഖോയ് എംകെഐ വിമാനങ്ങളിൽ 84 എണ്ണത്തിൻ്റെ സാങ്കേതിക സംവിധാനങ്ങൾ ആണ് മെച്ചപ്പെടുത്തുക.