തണുത്തുവിറച്ച് ഉത്തരേന്ത്യ; മൂന്നു ദിവസം കൂടി അതിശൈത്യം തുടരുമെന്ന് മുന്നറിയിപ്പ്
രാജസ്ഥാൻ, പഞ്ചാബ്, സംസ്ഥാനങ്ങളിൽ ഒരു ഡിഗ്രിക്ക് താഴെയാണ് താപനില
ഉത്തരേന്ത്യ അതിശൈത്യത്തിലേക്ക്. വ്യാഴാഴ്ച വരെ ശീതതരംഗത്തിന് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജസ്ഥാൻ, പഞ്ചാബ്, സംസ്ഥാനങ്ങളിൽ ഒരു ഡിഗ്രിക്ക് താഴെയാണ് താപനില.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ 3.5 ഡിഗ്രി വരെ താപനില രേഖപ്പെടുത്തി. വരുന്ന മൂന്ന് ദിവസങ്ങളിൽ അതിശൈത്യം തുടരുമെന്ന് മുന്നറിയിപ്പുണ്ട്. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളിൽ പടിഞ്ഞാറൻ കാറ്റിന്‍റെ വേഗത ഇനിയും കുറയുമെന്നും ഇതുമൂലം തണുപ്പിന്‍റെ ആഘാതവും കുറയുമെന്നും കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു. ജമ്മുകശ്മീരിൽ ശക്തമായ മഞ്ഞ് വീഴ്ച അനുഭവപ്പെടുന്നുണ്ട്. രാജസ്ഥാനിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില -2.6 ഡിഗ്രിയാണ്.
നിലവിൽ വടക്ക്, വടക്ക് പടിഞ്ഞാറൻ ഇന്ത്യയെ മുഴുവൻ ശീതക്കാറ്റ് ബാധിക്കുന്നുണ്ടെന്ന് റീജിയണൽ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്‍റിലെ സീനിയർ സയന്‍റിസ്റ്റ് ആർ.കെ ജെനാമണി പറഞ്ഞു. പടിഞ്ഞാറ് നിന്ന് വീശിയടിക്കുന്ന അതിവേഗ ഹിമക്കാറ്റാണ് ഇതിന് കാരണം. പാകിസ്താനും തണുപ്പിന്‍റെ പിടിയിലാണ്, അതേ വശത്ത് നിന്ന് വരുന്ന കാറ്റിന്‍റെ പ്രതിഫലനങ്ങള്‍ ഡല്‍ഹിയിലും കാണാം.