ആധാറിനെ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധിപ്പിക്കും: തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ ലോക്സഭ പാസ്സാക്കി
ആധാര്‍ വോട്ടർ കാർഡുമായി ബന്ധപ്പെടുത്തുന്നതോടെ സ്വകാര്യത ലംഘിക്കപ്പെടുമെന്ന് കോണ്‍ഗ്രസ്
തെരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്ലും മധ്യസ്ഥതാ ബില്ലും പാർലമെന്‍റില്‍ അവതരിപ്പിച്ചു. ആധാറും വോട്ടർകാർഡും കൂട്ടിയിണക്കുന്ന ബിൽ ലോക്സഭയിലും വേഗത്തിൽ തർക്ക പരിഹാരത്തിന് പരിഹാരം കാണുന്ന ബിൽ രാജ്യസഭയിലുമാണ് അവതരിപ്പിച്ചത്. മധ്യസ്ഥതാബിൽ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടുന്നതായി കേന്ദ്രനിയമ സഹമന്ത്രി എസ്.എസ് ഭഘേൽ അറിയിച്ചു.
പ്രതിപക്ഷ ബഹളത്തിനിടയിലാണ് സുപ്രധാന രണ്ട് ബില്ലുകൾ ഇരുസഭകളിലും അവതരിപ്പിച്ചത്. ആധാറും വോട്ടർ പട്ടികയും കൂട്ടിയിണക്കുന്നതിലെ അപാകത ചൂണ്ടിക്കാട്ടി ലോക്സഭയിൽ കടുത്ത വാദപ്രതിവാദം നടന്നു. സർക്കാരിന്‍റെ സബ്‌സിഡികൾ ജനങ്ങളിൽ എത്തിക്കുന്നതിനാണ് ആധാർ ആവിഷ്കരിച്ചു നടപ്പിലാക്കിയതെന്നും, വോട്ടർ കാർഡുമായി ബന്ധപ്പെടുത്തുന്നതോടെ സ്വകാര്യത കൂടി ലംഘിക്കപ്പെടുകയാണെന്നും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. നിയമം അടിച്ചേൽപ്പിക്കാനാവില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. ആധാർ നിര്‍ബന്ധമാക്കരുതെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസ് പുട്ടുസ്വാമി കേസിലെ സുപ്രീം കോടതി വിധി ഉയർത്തിക്കാട്ടിയാണ് കോൺഗ്രസ്, തൃണമൂൽ, ബി.എസ്.പി, ആർ.എസ്.പി അംഗങ്ങൾ എതിർത്തത്.
തെരഞ്ഞെടുപ്പിനു വിശ്വാസ്യത വര്‍ധിപ്പിക്കാനുള്ള നടപടിയാണ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര നിയമ മന്ത്രി കിരൺ റിജ്ജു പറഞ്ഞു. ഇരട്ട വോട്ട് തടയാൻ ഭേദഗതി മൂലം കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
രാജ്യസഭ മൂന്നു മണിക്ക് ചേർന്നപ്പോഴാണ് മധ്യസ്ഥതാ ബിൽ അവതരിപ്പിച്ചത്. കോടതിയിൽ കേസ് കെട്ടിക്കിടന്ന് കാലതാമസം നേരിടുന്നത് ഒഴിവാക്കാൻ സഹായിക്കുന്ന ബിൽ വിശദമായ ചർച്ചയ്ക്കും പഠനത്തിനുമാണ് സ്റ്റാന്റിംഗ് കമ്മറ്റിക്ക് അയച്ചത്. മധ്യസ്ഥതയുമായി ബന്ധപ്പെട്ടു ദേശീയതലത്തിൽ മീഡിയേഷൻ കൗൺസിൽ രൂപീകരിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.