മതപരിവര്‍ത്തനത്തിന് ശ്രമമെന്ന് ആരോപണം; കത്തോലിക്കാ കുട്ടികൾക്കായി സംഘടിപ്പിച്ച ക്യാമ്പില്‍ അതിക്രമിച്ചു കയറി ഹിന്ദുത്വ പ്രവര്‍ത്തകര്‍
മേയ് 7 ന് ഉച്ചയോടെ ക്യാമ്പ് നടക്കുന്ന വിശ്വദീപ് സ്കൂൾ കാമ്പസിലേക്ക് അതിക്രമിച്ചു കടന്ന പ്രവര്‍ത്തകര്‍ ഹിന്ദു കുട്ടികളെ മതപരിപര്‍ത്തനം ചെയ്യാനുള്ള പരിപാടിയാണെന്ന് ആരോപിച്ചു
റായ്പൂര്‍: ഛത്തീസ്ഗഡിലെ കത്തോലിക്കാ കുട്ടികൾക്കായി സംഘടിപ്പിച്ച വേനൽക്കാല മതബോധന ക്യാമ്പിനെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ പ്രവര്‍ത്തകര്‍. മേയ് 7 ന് ഉച്ചയോടെ ക്യാമ്പ് നടക്കുന്ന വിശ്വദീപ് സ്കൂൾ കാമ്പസിലേക്ക് അതിക്രമിച്ചു കടന്ന പ്രവര്‍ത്തകര്‍ ഹിന്ദു കുട്ടികളെ മതപരിപര്‍ത്തനം ചെയ്യാനുള്ള പരിപാടിയാണെന്ന് ആരോപിച്ചു. തലസ്ഥാനമായ റായ്പൂരിൽ നിന്നും 40 കിലോമീറ്റർ അകലെ ദര്‍ഗിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
വിവരമറിഞ്ഞ്, പൊലീസും സർക്കാർ ഉദ്യോഗസ്ഥരും സ്കൂളിലെത്തി. കുട്ടികളെല്ലാം കത്തോലിക്കരാണെന്നും അവർക്ക് ചില ധാർമ്മിക പാഠങ്ങൾ മാത്രമാണ് നൽകിയതെന്നും സംഘാടകര്‍ പറഞ്ഞു. 8-12 ക്ലാസുകളിൽ പഠിക്കുന്ന 197 കുട്ടികള്‍ സമീപത്തെ ഏഴ് ഇടവകകളിൽ നിന്ന് ക്യാമ്പിൽ എത്തിയിരുന്നു. ഭിലായ് പ്രദേശത്ത് ധാരാളം കത്തോലിക്കാ ഇടവകകളുണ്ട്. ഞായറാഴ്ച മതബോധന ക്ലാസുകൾക്ക് അനുബന്ധമായി കത്തോലിക്കാ കുട്ടികൾക്കായി അതിരൂപത വാർഷിക വേനൽക്കാല ക്യാമ്പുകളും ധ്യാനങ്ങളും നടത്താറുണ്ട്.
വിവിധ ഹിന്ദു സംഘടനകളില്‍ പെട്ട പ്രവര്‍ത്തകരാണ് സ്കൂളിലെത്തിയത്. കുട്ടികളുടെ കൂട്ടത്തില്‍ ഹിന്ദു കുട്ടികളുമുണ്ടെന്ന് അവര്‍ ആരോപിച്ചു. മതപരമായ പരിപാടി നടത്തുന്നതിന് സംഘാടകർ സർക്കാരിൽ നിന്നും കുട്ടികൾക്ക് പങ്കെടുക്കാൻ രക്ഷിതാക്കളിൽ നിന്നും രേഖാമൂലം അനുമതി ലഭിച്ചിട്ടുണ്ടോ എന്നറിയണമെന്ന് അവർ ആവശ്യപ്പെട്ടു. മൂന്നു ദിവസത്തെ ക്യാമ്പില്‍ ഭക്ഷണവും താമസസൗകര്യവും നല്‍കുന്നുണ്ടെന്നും 400 രൂപയാണ് ഫീസെന്നും അതുകൊണ്ടു തന്നെ മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികള്‍ക്ക് വരാനാവില്ലെന്നും രൂപതാ കാറ്റെറ്റിക്കൽ ഡയറക്ടർ ഫാദർ ജോൺ പൊന്നൂർ പറഞ്ഞു. സഭാംഗങ്ങൾക്കായി പരിപാടികൾ സംഘടിപ്പിക്കാൻ സർക്കാരിന്‍റെ അനുമതി ആവശ്യമില്ലെന്നും അവർ പറഞ്ഞു. എന്നാൽ പ്രവർത്തകർ വൈദികന്‍റെ വാക്കുകള്‍ ചെവിക്കൊണ്ടില്ല.
സംഘാടകരുടെ ലാപ്‌ടോപ് പരിശോധിച്ചപ്പോൾ, താസിൽദാർ ദുർഗ സാഹുവും ബി.ജെ.പി പ്രാദേശിക വാർഡ് അംഗം ഹേമ ശർമ്മയും മതപരിവർത്തനത്തിനുള്ള തെളിവുകളൊന്നും കണ്ടെത്താനായില്ല. എന്നാല്‍ തെളിവുകള്‍ നീക്കം ചെയ്തതായിരിക്കാമെന്ന് ഹിന്ദു ആക്ടിവിസ്റ്റുകള്‍ ആരോപിച്ചു. ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിനൊപ്പം മൊബൈല്‍ ഫോണിന്‍റെ ശരിയായ ഉപയോഗത്തെക്കുറിച്ചും കുട്ടികളില്‍ ബോധവത്കരണം നടത്തിയെന്ന് ഫാ. പൊന്നൂര്‍ പറഞ്ഞു. വൈകിട്ട് നാലു മണിയോടെയാണ് പ്രവര്‍ത്തകര്‍ മടങ്ങിയത്. വിവരമറിഞ്ഞ് മുന്നൂറോളം പേർ ഗേറ്റിന് പുറത്ത് തടിച്ചുകൂടി.