സടകുടഞ്ഞ് സോറൻ; ജാർഖണ്ഡിൽ കുതിച്ചുയർന്ന് ഇൻഡ്യാ സഖ്യം

ബഹുദൂരം പിന്നിലായി എൻഡിഎ

Update: 2024-11-23 07:32 GMT
Editor : ശരത് പി | By : Web Desk
Advertising

റാഞ്ചി: വോട്ടെണ്ണൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ജാർഖണ്ഡിൽ വിജയമുറപ്പിച്ച് ഇൻഡ്യാ സഖ്യം. മിനിറ്റുകൾ മാത്രം ലീഡുയത്തിയിരുന്ന എൻഡിഎയെ മലർത്തിയടിച്ചാണ് ഇൻഡ്യാ സഖ്യത്തിന്റെ മടങ്ങിവരവ്. 81ൽ 29 സീറ്റുകളിൽ ബിജെപി ലീഡ് ഉയർത്തി നിൽക്കുമ്പോൾ 50 സീറ്റുകളിലും ഇൻഡ്യാ സഖ്യത്തിനാണ് ലീഡ്. ബാക്കിയുള്ള രണ്ട് സീറ്റുകളിലാണ് മറ്റു പാർട്ടികൾ ലീഡ് ഉയർത്തി നിൽക്കുന്നത്. സംസ്ഥാനത്തെ മുഖ്യമന്ത്രി ഹേമന്ത് സോറൻ 17,347 വോട്ടുകൾക്കാണ് മുന്നിൽ നിൽക്കുന്നത്.

എക്സിറ്റ് പോൾ ഫലങ്ങളെ വെല്ലുവിളിച്ച് തന്നെയാണ് നിലവിൽ ഇൻഡ്യാ മുന്നണി വിജയമുറപ്പിച്ചിരിക്കുന്നത്.  എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രകാരം എൻഡിഎക്കാണ് സംസ്ഥാനത്ത് മുൻതൂക്കം. എന്നാൽ ഉയർന്ന പോളിങ് ശതമാനം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു ഇൻഡ്യാ സഖ്യം.ജാർഖണ്ഡിൽ 1213 സ്ഥാനാർഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. രണ്ട് ഘട്ടങ്ങളായിട്ടായിരുന്നു വോട്ടെടുപ്പ്. മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കല്പന സോറൻ, മുൻ ബിജെപി മുഖ്യമന്ത്രി ബാബുലാൽ മറാണ്ടി, ജെഎംഎം വിട്ട് ബിജെപിയിൽ എത്തിയ ചംപെയ് സോറൻ തുടങ്ങിയവരാണ് മത്സരരംഗത്ത് ഉണ്ടായിരുന്ന പ്രമുഖർ.

അടുത്തിടെ നിരവധി രാഷ്ട്രീയ ട്വിസ്റ്റുകൾക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനമാണ് ജാർഖണ്ഡ്. ഭൂമി കുംഭകോണ കേസിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ അറസ്റ്റിലായതും ജയിലിലായതും പിന്നീട് പുറത്തിറങ്ങി വീണ്ടും മുഖ്യമന്ത്രിയായതുമെല്ലാം ജാർഖണ്ഡിലെ തെരഞ്ഞെടുപ്പിലുടനീളം ചർച്ചയായിരുന്നു.കൂടാതെ, ജെഎംഎമ്മിന് കനത്ത തിരിച്ചടി നൽകിക്കൊണ്ടാണ് ചംപെയ് സോറൻ പാർട്ടി വിട്ട് ബിജെപിയിൽ ചേക്കേറിയത്. എക്സിറ്റ് പോൾ ഫലങ്ങൾ എൻഡിഎയ്ക്ക് നേരിയ മുൻതൂക്കം പ്രവചിക്കുന്നെങ്കിലും കൃത്യമായ ഒരു മുൻതൂക്കം പ്രവചിക്കപ്പെടാത്തത് ജെഎംഎം നേതൃത്വത്തിലുള്ള ഇൻഡ്യാ സഖ്യത്തിന് ആത്മവിശ്വാസം നൽകുന്നതാണ്.രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്ന ജാർഖണ്ഡിൽ 67.55 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2019 ൽ ഇത് 65.18 ആയിരുന്നു. പോളിങ് ശതമാനം ഉയർന്നതും ഇരു മുന്നണികളും പ്രതീക്ഷയോടെയാണ് കാണുന്നത്.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News