ഇന്‍ഡ്യ സഖ്യം രാജ്യത്തെ 60 ശതമാനം ജനങ്ങളെ പ്രതിനിധീകരിക്കുന്നു: രാഹുല്‍ ഗാന്ധി
പ്രതിപക്ഷ ഐക്യം തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമെന്ന് അരവിന്ദ് കെജ്‍രിവാള്‍
മുംബൈ: ഇൻഡ്യ മുന്നണി രാജ്യത്തെ 60 ശതമാനം ജനങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി. ഈ പാർട്ടികൾ ഒന്നിച്ചാൽ ബിജെപിക്ക് വിജയിക്കാൻ കഴിയില്ല. പ്രധാന മന്ത്രിയും ബിജെപിയും അഴിമതിയുടെ കേന്ദ്ര ബിന്ദുക്കളാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണിയുടെ മൂന്നാം യോഗത്തിന് ശേഷം നടന്ന സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.
പ്രതിപക്ഷ ഐക്യം തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പറഞ്ഞു. കഴിഞ്ഞ ഒമ്പത് വർഷത്തെ ഭരണ നേട്ടം സംബന്ധിച്ച് സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പ്രധാനമന്ത്രി എന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്ക് പറയാൻ ഉള്ളത് ഇൻഡ്യ മുന്നണിയെ കുറിച്ച് മാത്രമാണ്. ഞങ്ങൾക്ക് വേണ്ടി പിആർ വർക്ക് നടത്തുന്നതിൽ അദ്ദേഹത്തിന് നന്ദിയെന്നും ബിജെപി ഭരണത്തിൻ്റെ തകര്‍ച്ചയുടെ കൗണ്ട് ഡൗൺ ആരംഭിച്ചു കഴിഞ്ഞെന്നും സ്റ്റാലിന്‍ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്നാം യോഗം ചേർന്ന ഇൻഡ്യ മുന്നണി ഏകോപന സമിതിയെ പ്രഖ്യാപിച്ചു. 13 അംഗ സമിതിയിൽ രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും ഇല്ല. കമ്മിറ്റിക്ക് കൺവീനറോ കോഡിനേറ്ററോ ഉണ്ടാകില്ല. മുഖ്യമന്ത്രിമാരിൽ നിന്ന് ഹേമന്ത് സോറൻ ഉൾപ്പെട്ടപ്പോൾ മമത ബാനർജിയും നിതീഷ് കുമാറും കമ്മിറ്റിയിൽ ഇല്ല.
കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്, ആർജെഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, എഎപി എം.പി രാഘവ് ഛദ്ദ, സമാജ്‌വാദി പാർട്ടി നേതാവ് ജാവേദ് ഖാൻ, ജനതാദൾ യുണൈറ്റഡ് ദേശീയ പ്രസിഡന്റ് ലാലൻ സിങ്, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, സിപിഐ നേതാവ് ഡി. രാജ, നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് മെഹബൂബ മുഫ്തി എന്നിവരാണ് സമിതിയിലുള്ളത്.
അതേസമയം, കമ്മിറ്റി അംഗങ്ങളുടെ എണ്ണം 14 ആക്കുമെന്നും സിപിഎം അംഗത്തെ ഉൾപ്പെടുത്തുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ഈ അംഗത്തെ പിന്നീട് തീരുമാനിക്കും. നേരത്തെ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് അദ്ദേഹത്തെ മാറ്റി ഡിഎംകെ നേതാവ് ടി.ആർ ബാലുവുവിനെ ഉൾപ്പെടുത്തി.