ഇന്ത്യയിൽ യാത്രചെയ്യുന്ന ഇസ്രായേൽ പൗരന്മാർക്ക് ജാഗ്രതാ നിർദേശം
ചൊവ്വാഴ്ച ഇസ്രായേൽ എംബസിയ്ക്കടുത്ത് പൊട്ടിത്തെറി ഉണ്ടായെന്ന വാർത്തയുടെ പശ്ചാത്തലത്തിലാണ് നടപടി
ന്യൂഡൽഹി:ഇന്ത്യയിൽ യാത്രചെയ്യുന്ന ഇസ്രായേൽ പൗരന്മാർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഡൽഹിയിലെ ഇസ്രായേൽ എംബസിയ്ക്കടുത്ത് പൊട്ടിത്തെറി ഉണ്ടായെന്ന വാർത്തയുടെ പശ്ചാത്തലത്തിൽ ഇസ്രായേലി നാഷണൽ സെക്യൂരിറ്റി കൗൺസിലാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.
പൊതു സ്ഥലങ്ങളിൽ ഇടപെടുമ്പോൾ ശ്രദ്ധിക്കണമെന്ന് സർക്കുലറിൽ വിശദീകരിക്കുന്നു. മാളുകളിലും ആൾക്കൂട്ടങ്ങളിലും ഇടപെഴുകുന്നത് ഒഴിവാക്കണമെന്നും നിർദേശം.
ചൊവ്വാഴ്ച വൈകിട്ട് ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപത്തുനിന്ന് സ്ഫോടന ശബ്ദം കേട്ടതായി ഡൽഹി പൊലീസിന് ഫോൺ സന്ദേശം ലഭിച്ചിരുന്നു. എന്നാൽ പോലീസ് നടത്തിയ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ടയർ പൊട്ടുന്നത് പോലുള്ള ശബ്ദമാണ് കേട്ടെതന്നാണ് ഒരു ദൃക്സാക്ഷി മാധ്യമങ്ങളോട് പറഞ്ഞത്. ഇദ്ദേഹത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. എല്ലാ എംബസി ജീവനക്കാരും സുരക്ഷിതരാണെന്ന് ഇസ്രായേൽ എംബസി അറിയിച്ചു.