ഏകീകൃത സിവിൽകോഡിനെ എതിർക്കും; തെരുവിലിറങ്ങി പ്രതിഷേധിക്കില്ല: അർഷദ് മദനി

ഏകീകൃത സിവിൽകോഡിൽ പൊതുജനങ്ങളിൽ നിന്നും മതസംഘടനകളിൽ നിന്നും നിർദേശങ്ങളും അഭിപ്രായങ്ങളും ആരാഞ്ഞ് നിയമ കമ്മീഷൻ ഉത്തരവിറക്കിയതോടെയാണ് ഇത് സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായത്.

Update: 2023-06-18 10:53 GMT
Advertising

ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെ എതിർക്കുമെന്ന് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ അർഷദ് മദനി. അതേസമയം തെരുവിലിറങ്ങിയുള്ള പ്രതിഷേധം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

''കഴിഞ്ഞ 1,300 വർഷമായി ഞങ്ങളുടെ വ്യക്തിനിയമങ്ങളുണ്ട്. അതിൽ ഉറച്ചുനിൽക്കും. എന്നാൽ ഏകീകൃത സിവിൽകോഡിനെതിരെ പ്രതിഷേധിക്കാനായി തെരുവിലിറങ്ങാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല. സ്വാതന്ത്ര്യത്തിന് ശേഷം ഒരു സർക്കാരും ഇത് ചെയ്തിട്ടില്ല, അതിന്റെ ആവശ്യമില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. പ്രതിഷേധങ്ങൾ കൂടുന്തോറും ഹിന്ദുക്കളും മുസ്‌ലിംകളും അകലുകയും ദുരുദ്ദേശ്യമുള്ള ആളുകളുടെ ദൗത്യം പൂർത്തീകരിക്കപ്പെടുകയും ചെയ്യും''-അർഷദ് മദനി പറഞ്ഞു.

തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള ഒരു ഉപാധി മാത്രമാണ് ഏകീകൃത സിവിൽകോഡ് നടപ്പാക്കുന്നതിനെ ബി.ജെ.പി കാണുന്നതെന്ന് ഇത്തിഹാദെ മില്ലത് കൗൺസിൽ പ്രസിഡന്റ് മൗലാനാ തൗഖീർ റാസാ ഖാൻ പറഞ്ഞു. ഏകീകൃത സിവിൽകോഡ് അനാവശ്യവും അപ്രായോഗികവുമാണെന്നും അത് രാജ്യത്തിന് ദോഷകരമാണെന്നുമായിരുന്നു ഓൾ ഇന്ത്യാ പേഴ്‌സണൽ ലോ ബോർഡിന്റെ പ്രതികരണം.

ഏകീകൃത സിവിൽകോഡിൽ പൊതുജനങ്ങളിൽ നിന്നും മതസംഘടനകളിൽ നിന്നും നിർദേശങ്ങളും അഭിപ്രായങ്ങളും ആരാഞ്ഞ് നിയമ കമ്മീഷൻ ഉത്തരവിറക്കിയതോടെയാണ് ഇത് സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായത്. 30 ദിവസത്തിനകം നിർദേശങ്ങൾ സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2016-ൽ ഒന്നാം മോദി സർക്കാർ ഏകീകൃത സിവിൽകോഡ് രൂപവത്കരിക്കുന്നതിനെപ്പറ്റി പഠിക്കാൻ നിയമ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News