ഒമിക്രോൺ കേരളത്തിലും; രാജ്യത്താകെ 38 രോഗികൾ-10 പോയിന്റുകൾ
ഛണ്ഡിഗഡ്, ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
കേരളത്തിലും ഒമിക്രോൺ സ്ഥിരീകരിച്ചതോടെ രാജ്യത്താകെ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 38 ആയി. ഇന്ന് അഞ്ച് കേസുകളാണ് വിവിധ സംസ്ഥാനങ്ങളിലായി സ്ഥിരീകരിച്ചത്. ഛണ്ഡിഗഡ്, ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
പ്രധാനപ്പെട്ട 10 പോയിന്റുകൾ:
1. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് രാജ്യത്ത് ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് ഡൽഹി വഴി എത്തിയ 40 വയസുകാരനാണ് രോഗം കണ്ടെത്തിയത്. ഡിസംബർ ആറിന് എയർപോർട്ടിൽ വെച്ച് നടത്തിയ ടെസ്റ്റിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ജിനോം ടെസ്റ്റ് റിപ്പോർട്ട് ഇന്നാണ് പുറത്തുവന്നത്.
2. മഹാരാഷ്ട്രയിലെ പതിനെട്ടാമത്തെ ഒമിക്രോൺ കേസാണ് ഇന്ന് സ്ഥിരീകരിച്ചത്. രോഗവ്യാപനം ഒഴിവാക്കാനായി ഡിസംബർ 11,12 തിയതികളിൽ പൊതുപരിപാടികൾ നിരോധിച്ചിരുന്നു.
3. സുഹൃത്തിനെ സന്ദർശിക്കാനായി ഇറ്റലിയിൽ നിന്നെത്തിയ ഇരുപതുകാരനാണ് ഛണ്ഡിഗഡിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. നവംബർ 22നാണ് അദ്ദേഹം ഇവിടെയെത്തിയത്. ഹോം ക്വാറന്റൈനിൽ കഴിയവെ ഡിസംബർ ഒന്നിന് കോവിഡ് സ്ഥിരീകരിച്ചു. ജിനോ സീക്വൻസിങ്ങിൽ ഇന്ന് ഒമിക്രോൺ സ്ഥിരീകരിക്കുകയായിരുന്നു.
4. ഇറ്റലിയിൽ നിന്ന് രണ്ട് ഡോസ് വാക്‌സിനെടുത്ത ഇദ്ദേഹത്തിന് ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇദ്ദേഹം ഇപ്പോൾ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലാണ്. ഇദ്ദേഹവുമായി സമ്പർക്കമുള്ള ഏഴ് കുടുംബങ്ങളും ക്വാറന്റൈനിലാണ്. ഇവരുടെ ആർടിപിസിആർ ഫലം നെഗറ്റീവാണ്.
5. അയർലൻഡിൽ നിന്നെത്തിയ വ്യക്തിക്കാണ് ആന്ധ്രാപ്രദേശിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇദ്ദേഹം വിശാഖപട്ടണത്താണ് നിരീക്ഷണത്തിൽ കഴിയുന്നത്.
6. ഡൽഹി, രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത് സംസ്ഥാനങ്ങളിലും നേരത്തെ ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകളുള്ളത്.
7. ഒമിക്രോൺ ഫലം രണ്ട് മണിക്കൂറിനകം ലഭിക്കുന്ന ടെസ്റ്റിങ് കിറ്റ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അസമിൽ വികസിപ്പിച്ചു. അന്താരാഷ്ട്ര യാത്രക്കാർക്ക് ഇത് ഉപകാരപ്രദമാവുമെന്നാണ് കരുതപ്പെടുന്നത്.
8. ഒരു പുതിയ വേരിയന്റ് സ്ഥിരീകരിച്ചു എന്നതുകൊണ്ട് കാര്യങ്ങൾ മോശമാവുമെന്ന് അർത്ഥമില്ല. പക്ഷേ തീർച്ചയായും അവ കൂടുതൽ അനിശ്ചിതത്വത്തിലാകും.- ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ റീജിയണൽ ഡയറക്ടർ ഡോ പൂനം ഖേത്രപാൽ എൻഡിടിവിയോട് പറഞ്ഞു.
9. ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ലോകാരോഗ്യസംഘടന ഏഷ്യ-പെസഫിക് മേഖലയിലെ രാജ്യങ്ങൾക്ക് നിർദേശം നൽകിയിരുന്നു.
10. യു.കെ, ഡെൻമാർക്ക്, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ രോഗികളുള്ളത്.