'ഒമിക്രോണ്‍ തീവ്രമായേക്കില്ല, രോഗലക്ഷണങ്ങള്‍ നേരിയ തോതില്‍ മാത്രം': കേന്ദ്രസര്‍ക്കാര്‍
ഒമിക്രോണ്‍ തീവ്രവ്യാപനശേഷി കാണിച്ചേക്കില്ലെന്ന് കേന്ദ്ര വിലയിരുത്തല്‍
ഒമിക്രോണ്‍ രാജ്യത്തെ തീവ്രമായി ബാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതുവരെയുള്ള കണക്കുകളനുസരിച്ച് രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നത് നേരിയ തോതില്‍ മാത്രമാണ്. മുന്‍ വകഭേദങ്ങളേക്കാള്‍ വേഗത്തില്‍ അസുഖം മാറുന്നതായും കാണുന്നുണ്ട്. അതുകൊണ്ട് തന്നെ ഒമിക്രോണ്‍ തീവ്രവ്യാപനശേഷി കാണിച്ചേക്കില്ലെന്ന് കേന്ദ്രം വിലയിരുത്തുന്നു.
ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ ബാധിത കേസുകള്‍ പരിശോധിക്കുമ്പോള്‍ നേരിയ രോഗലക്ഷണം മാത്രമാണുള്ളത്. രോഗലക്ഷണങ്ങള്‍ കുറവാണെങ്കിലും രോഗവ്യാപനം തടയുന്നതിനുള്ള മുന്‍കരുതലെന്ന നിലയിലാണ് ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അനിഷ്ട സംഭവങ്ങളുണ്ടാകുമെന്ന് സൂചനകളില്ലെന്നും കേന്ദ്രം വിലയിരുത്തുന്നു
നിലവില്‍ നല്‍കുന്ന കോവിഡ് വാക്‌സിന്‍ ഒമിക്രോണിനെതിരെയും പര്യാപ്തമാണെന്നും കേന്ദ്രം അറിയിച്ചു. നേരത്തെ ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുക്കുന്നവര്‍ക്ക് രണ്ടുഡോസ് വാക്‌സിനെടുത്തവരേക്കാള്‍ 93 ശതമാനം പ്രതിരോധശേഷി കൂടുതലാണെന്ന് മറ്റ് രാജ്യങ്ങളിലെ ആരോഗ്യവിദഗ്ധര്‍ അഭിപ്രയപ്പെട്ടിരുന്നു.