മധ്യപ്രദേശില്‍ സ്ത്രീകള്‍ക്ക് നേരെ പരസ്യ ആൾക്കൂട്ട ആക്രമണം, രക്ഷിക്കാതെ ദൃശ്യങ്ങള്‍ പകര്‍ത്തി നാട്ടുകാര്‍
അക്രമം വീക്ഷിച്ച നിരവധി പേര് ദൃശ്യങ്ങള്‍ മൊബൈലുകളില്‍ പകര്‍ത്തിയെങ്കിലും ആരും തന്നെ സ്ത്രീകളെ രക്ഷിക്കാന്‍ മുന്നോട്ടുവന്നില്ല
മധ്യപ്രദേശില്‍ ആള്‍ക്കൂട്ടം പരസ്യമായി സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. മധ്യപ്രദേശിലെ പ്രശസ്തമായ ഗോത്ര ഉത്സവത്തിനിടെയാണ് സ്ത്രീകളെ ക്രൂരമായി ലൈംഗികാക്രമത്തിന് ഇരയാക്കിയത്. അക്രമം ഭയന്ന് ഒരു സ്ത്രീ വാഹനത്തിന് പിന്നില്‍ മറഞ്ഞു നില്ക്കുന്ന തരത്തിലാണ് ദൃശ്യങ്ങള്‍ ആരംഭിക്കുന്നത്. ശേഷം വഴിയാത്രക്കാരനായ ഒരാള്‍ അക്രമകാരികളില്‍ നിന്നും സ്ത്രീയെ രക്ഷപ്പെടുത്താന്‍ നോക്കിയെങ്കിലും ഒരു സംഘം ആളുകള്‍ കൂട്ടത്തോടെ വന്ന് സ്ത്രീയെ ആക്രമിക്കുകയുമായിരുന്നു. ഇതെ സമയം മറ്റൊരു സ്ത്രീയെയും ഇതേ രീതിയില്‍ മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അക്രമം വീക്ഷിച്ച നിരവധി പേര് ദൃശ്യങ്ങള്‍ മൊബൈലുകളില്‍ പകര്‍ത്തിയെങ്കിലും ആരും തന്നെ സ്ത്രീകളെ രക്ഷിക്കാന്‍ മുന്നോട്ടുവന്നില്ല.
സംസ്ഥാനത്തെ ഏറ്റവും വലുതും പ്രശസ്തവുമായ ഭഗോരിയ ഉത്സവത്തിന് വെള്ളിയാഴ്ച ആണ് തുടക്കമായത്. കനത്ത സുരക്ഷയ്ക്കിടയിലെ ഉത്സവത്തില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന കടുത്ത ആക്രമണത്തില്‍ പ്രതിഷേധം ശക്തമാണ്. സംഭവം വാര്‍ത്തയായതോടെ രണ്ട് പേരെ കസ്റ്റിഡിയിലെടുത്തതായും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതായും അലിരാജ്പൂര്‍ പൊലീസ് സൂപ്പര്‍ ഇന്ഡന്റന്റ് മനോജ് കുമാര്‍ സിംഗ് പറഞ്ഞു. കേസിലെ പ്രധാന പ്രതി ഒളിവിലാണെന്നും പ്രതികളെ എല്ലാവരെയും തിരിച്ചറിഞ്ഞതായും പൊലീസ് എന്‍.ഡി.ടി.വിയോട് പറഞ്ഞു.
വീഡിയോ ഇന്നലെയാണ് ശ്രദ്ധയില്‍പ്പെട്ടതെന്നും സംഭവത്തില്‍ ഇരയായ സ്ത്രീകള്‍ക്ക് പരാതിയില്ലെന്നും സ്വമേധയായാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണത്തിനായി നിരവധി സംഘങ്ങളെ രൂപീകരിച്ചതായും പ്രതികളെ എല്ലാവരെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
On Camera, Madhya Pradesh Mob Sexually Assaults Women, Others Film