കര്‍ഷക സമരം; ലുധിയാനയിലെ അദാനി ലോജിസ്റ്റിക്സ് പാര്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തി
മാസങ്ങള്‍ നീണ്ട പ്രതിഷേധ പരമ്പര വിജയം കാണുന്നതിന്‍റെ ആഹ്ലാദത്തിലാണ് കര്‍ഷകര്‍.
വിവാദ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം രാജ്യവ്യാപകമായി തുടരുമ്പോഴും, പഞ്ചാബിലെ കിലാ റായ്പൂരില്‍ പ്രതിഷേധക്കാർ വിജയാഘോഷത്തിലാണ്. മാസങ്ങളായി തുടര്‍ന്ന പ്രതിഷേധ പരമ്പരകള്‍ക്ക് പിന്നാലെ രാജ്യത്തെ വമ്പന്‍ കോര്‍പ്പറേറ്റ് സ്ഥാപനമായ അദാനി ഗ്രൂപ്പിന് വെല്ലുവിളി തീര്‍ത്തിരിക്കുകയാണ് കര്‍ഷകര്‍. ഈ മാസം ആദ്യപാതത്തിലാണ് കില റായ്പൂരിലെ മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക് പാര്‍ക്ക് അടച്ചുപൂട്ടാന്‍ തീരുമാനിച്ചതായി കമ്പനി അറിയിച്ചത്. കര്‍ഷക പ്രതിഷേധം കാരണം ഡ്രൈ പോര്‍ട്ടിന്‍റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നില്ലെന്നും ഇതുമൂലം വന്‍ നഷ്ടമാണുണ്ടായതെന്നും കാണിച്ച് കമ്പനി പഞ്ചാബ് ഹൈക്കോടതിയില്‍ പെറ്റീഷനും സമര്‍പ്പിച്ചിരുന്നു.
പഞ്ചാബിലെ ജംഹൂരി കിസാൻ സഭയുടെ നേതൃത്വത്തില്‍ സ്ത്രീകളുള്‍പ്പെടെയുള്ളവരാണ് അദാനി ലോജിസ്റ്റിക്സ് പാർക്കിന്‍റെ കവാടത്തിനു മുന്നില്‍ തമ്പടിച്ച്, ജനുവരി മുതല്‍ പ്രതിഷേധം ആരംഭിച്ചത്. മാർച്ച് മാസത്തില്‍ തന്നെ അദാനി ഗ്രൂപ്പ് കോടതിയെ സമീപിക്കുകയും, ധർണയ്‌ക്കെതിരെ ഒരു റിട്ട് ഹരജി ഫയൽ ചെയ്ത് പ്രശ്ന പരിഹാരം ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നുള്ള മാസങ്ങളില്‍ കര്‍ഷക നേതാക്കളുമായി ചര്‍ച്ചകള്‍ നടന്നെങ്കിലും കര്‍ഷകര്‍ ഉറച്ച നിലപാടില്‍ നിന്ന് പിന്നോട്ട് ചലിച്ചിരുന്നില്ല. പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവുമുണ്ടായതായി ജംഹൂരി കിസാൻ സഭ നേതാവ് സുരീന്ദര്‍ ഗില്‍ ജെയ്പാലിനെ ഉദ്ധരിച്ച് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തു.
കേന്ദ്രസര്‍ക്കാരിന്‍റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ച സമരം കോര്‍പ്പറേറ്റുകള്‍ക്കെതിരെ കൂടിയാണെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചിരുന്നു. അദാനി, അംബാനി കമ്പനികളുടെ ഉത്പന്നങ്ങളും സേവനങ്ങളും ഉപേക്ഷിക്കാനുള്ള പ്രചാരണവും ശക്തമാക്കിയിരുന്നു. നീണ്ടകാലത്തെ സമര പരമ്പരകള്‍ വിജയം കാണുന്നതായാണ് കര്‍ഷകര്‍ പറയുന്നത്. പോര്‍ട്ടിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിയാലും പ്രതിഷേധം തുടരുമെന്നും കര്‍ഷക നേതാക്കള്‍ അറിയിക്കുന്നു. കോര്‍പ്പറേറ്റുകള്‍ മുട്ടുകുത്തുമ്പോള്‍ അത് പ്രചോദനമാണെന്നും ജനാധിപത്യത്തില്‍ വിശ്വാസിക്കാനുള്ള പ്രേരണയാണെന്നും സുരീന്ദര്‍ ഗില്‍ ജെയ്പാല്‍ പറയുന്നു.