രാഹുൽ പാർലമെന്റിൽ; വൻ സ്വീകരണം നൽകി 'ഇൻഡ്യ' എംപിമാർ

ഗാന്ധി പ്രതിമയെ വണങ്ങി അദ്ദേ​ഹം പാർലമെന്റിലേക്ക് കടന്നു.

Update: 2023-08-07 09:11 GMT
Editor : anjala | By : Web Desk
Advertising

ഡൽഹി: അയോഗ്യത നീങ്ങിയതോടെ രാഹുൽ ഗാന്ധി ലോക്സഭയിൽ എത്തി. ഒന്നാം നമ്പർ ഗേറ്റിൽ കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകി. ഗാന്ധി പ്രതിമയെ വണങ്ങി അദ്ദേ​ഹം പാർലമെന്റിലേക്ക് കടന്നു. സോണിയാഗാന്ധി ഉൾപ്പെടെ കോൺ​ഗ്രസ് എംപിമാരും പ്രതിപക്ഷ എംപിമാരും രാഹുലിനെ സ്വീകരിച്ചു.  എന്നാൽ, ഭരണ പ്രതിപക്ഷ പ്രതിഷേധത്തെ ലോക്സഭ 12 മണിവരെ നിർത്തി വെച്ചിരിക്കുകയാണ്. മണിപ്പൂർ വിഷയം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും രാജസ്ഥാനിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷവും പ്രതിഷേധിച്ചതിനെ തുടർന്നാണ് ലോക്സഭ 12 മണിവരെ നിർത്തി വെച്ചത്. 

നാളെ ആരംഭിക്കുന്ന അവിശ്വാസപ്രമേയചർച്ചയിൽ കോൺഗ്രസ് പ്രതിനിധിയായി രാഹുൽ ഗാന്ധി സംസാരിക്കും. മണിപ്പൂർ സന്ദർശനത്തിനിടയിൽ കണ്ട കാഴ്ചകളും ഭാരത് ജോഡോ യാത്രയിലെ നേരനുഭവങ്ങളുംഉയർത്തി കാട്ടി കേന്ദ്രസർക്കാരിനെ രാഹുൽ ഗാന്ധി പ്രതിക്കൂട്ടിലാക്കും എന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. 

സുപ്രീംകോടതിയിൽ നിന്നും സ്റ്റേ ലഭിച്ചിട്ടും രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ പ്രവേശനം വൈകിപ്പിക്കുകയാണെങ്ങ്കിൽ കോൺഗ്രസ് വീണ്ടും കോടതിയെ സമീപിക്കാനിരിക്കെയാണ് പത്തരയോടെ നോട്ടിഫിക്കേഷൻ ഇറങ്ങിയത്. അനുകൂല കോടതി ഉത്തരവ് ഉണ്ടായിട്ടും 63 ദിവസം ലക്ഷദ്വീപ് എംപി മുഹമ്മദ്‌ ഫൈസലിനെ പുറത്ത് നിർത്തിയ നടപടി വീണ്ടും ആവർത്തിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നു. രാഹുലിനെ തിരിച്ചെടുത്തില്ലെങ്കിൽ സ്വീകരിക്കേണ്ട സമര തന്ത്രങ്ങളെ പ്പറ്റി മല്ലികാർജ്ജുന ഖാർഗെയുടെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യം കൂടിയാലോചന നടത്തിയ യോഗത്തിനിടയിലാണ് സന്തോഷത്തിന്റെ വാർത്ത പുറത്തുവന്നത്.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News