രാജസ്ഥാനിലെ സ്ത്രീ സുരക്ഷയെ വിമർശിച്ചു; മന്ത്രി പുറത്ത്
ഗ്രാമവികസനമന്ത്രി രാജേന്ദ്ര ഗുഢയെയാണ് പുറത്താക്കിയത്, മണിപ്പുരിലെ സ്ത്രീസുരക്ഷയെക്കുറിച്ച് പറയുന്നതിന് മുന്‍പ് നമ്മൾ സ്വന്തം സംസ്ഥാനത്തേക്ക് നോക്കണമെന്നായിരുന്നു പരാമര്‍ശം
ജയ്പൂർ: രാജസ്ഥാനിലെ സ്ത്രീ സുരക്ഷയെ വിമർശിച്ച മന്ത്രിയെ മുഖ്യമന്ത്രി അശോക് ഗെലോട്ട് പുറത്താക്കി. ഗ്രാമവികസനമന്ത്രി രാജേന്ദ്ര ഗുഢയെയാണ് മന്ത്രി സഭയിൽ നിന്ന് പുറത്താക്കിയത്.
മണിപ്പൂരിലെ സ്ത്രീസുരക്ഷയെക്കുറിച്ച് പറയുന്നതിന് മുന്‍പ് നമ്മൾ സ്വന്തം സംസ്ഥാനത്തേക്ക് നോക്കണമെന്നായിരുന്നു നിയമസഭയിൽ രാജേന്ദ്ര ഗുഢയുടെ പരാമര്‍ശം.
വ്യാഴാഴ്ച നടന്ന നിയമസഭാ സമ്മേളനത്തിലാണ് ഗുഢ സ്ത്രീസുരക്ഷയെ കുറിച്ച് പരാമർശിച്ചത്. ബിജെപിയുടെ ട്വിറ്റർ പേജുകളിലുൾപ്പടെ ഇത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തു. പരാമർശം വിവാദമായതോടെ മന്ത്രിയെ ഗെഹ്‌ലോട്ട് പുറത്താക്കുകയായിരുന്നു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേയാണ് ഇത്തരമൊരു പരാമർശം കോൺഗ്രസിലെ ഒരു മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇത് സംസ്ഥാനത്ത് പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.