അമിതവേഗതയിലെത്തിയ റോൾസ് റോയ്സ് ടാങ്കറിൽ ഇടിച്ചു; രണ്ടുപേർ കത്തിമരിച്ചു
ടാങ്കർ ലോറിയുടെ ഡ്രൈവർ രാംപ്രീതും സഹായി കുൽദീപുമാണ് കൊല്ലപ്പെട്ടത്
ന്യൂഡൽഹി: ഡൽഹി-മുംബൈ എക്‌സ്പ്രസ് ഹൈവേയിൽ റോൾസ് റോയ്‌സ് ഫാന്റം ആഡംബര ലിമോസിൻ പെട്രോൾ ടാങ്കറിൽ ഇടിച്ച് രണ്ടുപേർ മരിച്ചു. ഹരിയാനയിലെ നുഹിലാണ് അപകടം നടന്നത്. ടാങ്കർ ലോറിയുടെ ഡ്രൈവർ രാംപ്രീതും സഹായി കുൽദീപുമാണ് കൊല്ലപ്പെട്ടത്.കാറിലുണ്ടായിരുന്ന മൂന്ന് പേർ പരിക്കേറ്റ് ഗുഡ്ഗാവ് ആശുപത്രിയിൽ ചികിത്സയിലാണ്. 230 കിലോമീറ്റർ വേഗത്തിലാണ് റോൾസ് റോയ്സ് ഓടിച്ചിരുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
10 കോടി രൂപയോളം വരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടം നടന്ന് അഞ്ചുമിനിറ്റിനകം നാട്ടുകാർ സ്ഥലത്തെത്തിയിരുന്നു. അപകടത്തിൽപ്പെട്ട റോൾസ് റോയ്‌സ് കാറിലുള്ളവരെ പിന്നാലെ വന്ന കാറിലുള്ളവർ കയറ്റികൊണ്ടുപോകുകയായിരുന്നു. എന്നാൽ ടാങ്കർ അപ്പോഴേക്കും തീപിടിച്ചിരുന്നെന്നും പ്രദേശവാസികൾ പറയുന്നു.
പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ടാങ്കർ ലോറി യൂടേൺ എടുക്കുന്നതിനിടെയാണ് അമിത വേഗതയിൽ കാറെത്തിയതെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ തെറ്റ് പൂർണമായും കാർ യാത്രക്കാരുടെ അടുത്താണെന്നും മറ്റ് വാഹനം വരുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ടാങ്കർ ലോറി യൂടേൺ എടുത്തതെന്നും ഇവർ പറയുന്നു. ടാങ്കറിലുള്ളവർ ഈ റൂട്ടിൽ സ്ഥിരം യാത്രക്കാരായിരുന്നുവെന്നും അപകടസമയത്ത് രണ്ട് വാഹനങ്ങളും ഡൽഹിയിൽ നിന്ന് വരികയായിരുന്നുവെന്നും നുഹ് പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അശോക് കുമാർ പറഞ്ഞു.