'അപകീർത്തിക്കേസിൽ മാപ്പ് പറയില്ല'; രാഹുൽ ഗാന്ധി സുപ്രിംകോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു
കേസിലെ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നും രാഹുൽ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.
ന്യൂഡൽഹി: മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി. കേസിലെ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് രാഹുൽ നിലപാട് ആവർത്തിച്ചത്. ഹരജിക്കാരൻ നിയമം ദുരുപയോഗം ചെയ്യുകയാണെന്നും രാഹുൽ ഗാന്ധി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
രാഹുൽ സുപ്രിംകോടതിയെ സമീപിച്ചതിന് പിന്നാലെ കോടതി എതിർ കക്ഷിക്ക് നോട്ടീസ് നൽകിയിരുന്നു. രാഹുൽ ഗാന്ധിക്ക് ധാർഷ്ട്യമാണെന്നാണ് പൂർണേഷ് മോദി ഇതിന് നൽകിയ മറുപടിയിൽ പറഞ്ഞത്. മാപ്പ് പറയാൻ താൻ സവർക്കറല്ലെന്നാണ് രാഹുൽ പറഞ്ഞതെന്നും പൂർണേഷ് മോദി കോടതിയെ അറിയിച്ചു. വെള്ളിയാഴ്ചയാണ് രാഹുലിന്റെ ഹരജി കോടതി പരിഗണിക്കുന്നത്.
'എല്ലാ കള്ളൻമാർക്കും മോദിയെന്ന് പേര് വന്നതെങ്ങനെ?' എന്ന രാഹുലിന്റെ 2019ലെ പരാമർശമാണ് കേസിന് ആധാരം. ബി.ജെ.പി നേതാവായ പൂർണേഷ് മോദിയാണ് ഇതിനെതിരെ കോടതിയെ സമീപിച്ചത്. സൂറക്ക് മജിസ്‌ട്രേറ്റ് കോടതിയാണ് ഈ കേസിൽ രാഹുലിനെ രണ്ടുവർഷം തടവിന് ശിക്ഷിച്ചത്. വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് രാഹുൽ സുപ്രിംകോടതിയെ സമീപിച്ചത്.