എയർ ഇന്ത്യയിൽ ഇറക്കാനുള്ളത് 37,000 കോടി; ടിക്കറ്റ് വില കൂട്ടുമോ ടാറ്റ?

ബിസിനസ് ലാഭത്തിലാക്കണമെങ്കിൽ കടുത്ത നടപടികൾ കൈക്കൊള്ളേണ്ടി വരുമെന്നാണ് ടാറ്റ ഗ്രൂപ്പ് വിലയിരുത്തുന്നത്.

Update: 2022-01-29 11:42 GMT
Editor : André | By : Web Desk
Advertising

സർക്കാറിൽ നിന്ന് ഏറ്റെടുത്ത എയർ ഇന്ത്യ 'നന്നാക്കാൻ' അടുത്ത അഞ്ച് വർഷത്തേക്ക് ടാറ്റ ഗ്രൂപ്പ് ഇറക്കുക 5 ബില്ല്യൺ ഡോളർ (37,000 കോടി രൂപ) ആയിരിക്കുമെന്ന് റിപ്പോർട്ട്. ഏറ്റെടുത്ത കടബാധ്യതയും വിമാനക്കമ്പനിയുടെ നിലവിലുള്ള മറ്റ് നഷ്ടങ്ങളും മാത്രം 15,000 കോടി വരും. വിമാനങ്ങളുടെ നവീകരണം, അടിസ്ഥാന സൗകര്യ വികസനം, പുതിയ പർച്ചേസുകൾ തുടങ്ങിയവ കൂടി ചേരുമ്പോഴാണ് സംഖ്യ ഭീമനായി മാറുന്നത്. ടാറ്റയുമായി ബന്ധമുള്ള വ്യവസായ വിദഗ്ധനെ ഉദ്ധരിച്ച് 'ആജ് തക്' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യു്‌നത്.

ബിസിനസ് ലാഭത്തിലാക്കണമെങ്കിൽ ടിക്കറ്റ് നിരക്ക് കൂട്ടുന്നതടക്കമുള്ള കടുത്ത നടപടികൾ കൈക്കൊള്ളേണ്ടി വരുമെന്നാണ് ടാറ്റ ഗ്രൂപ്പ് വിലയിരുത്തുന്നത്. കമ്പനിയുടെ ഉടമസ്ഥതയിലുള്ള എയർ ഏഷ്യ ഇന്ത്യ, വിസ്താര, എയർ ഇന്ത്യ എന്നിവ വെവ്വേറെ നടത്തുന്നതിനു പകരം ഒറ്റ കമ്പനിയാക്കി മാറ്റുക, ടിക്കറ്റ് നിരക്കുകൾ 15 ശതമാനം വർധിപ്പിക്കുക, നഷ്ടമുണ്ടാക്കുന്ന റൂട്ടുകളിലെ സർവീസുകൾ വെട്ടിക്കുറക്കുക, അന്താരാഷ്ട്ര വ്യോമയാത്രാ വിപണി മത്സരത്തിൽ സജീവമാവുക തുടങ്ങിയവയാണ് ലാഭകരമാകുന്നതിന് കമ്പനിക്ക് ലഭിച്ച ഉപദേശം. എന്നാൽ, യാത്രക്കാരെ നേരിട്ട് ബാധിക്കുന്ന ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ പിന്നത്തേയ്ക്കു വെക്കാനും മികച്ച സർവീസുമായി കളംപിടിക്കാനുമാണ് ആദ്യഘട്ടത്തിൽ കമ്പനി ശ്രമിക്കു.

ഇതിനൊപ്പം എഞ്ചിനീയറിങ് കരാറുകൾ പുതുക്കുക, ജീവനക്കാരെ ഫലപ്രദമായി വിനിയോഗിക്കുക എന്നിവയും ടാറ്റ ഗ്രൂപ്പിനു മുന്നിലുള്ള വെല്ലുവിളികളാണ്. കഴിഞ്ഞ മാർച്ച് അവസാനത്തിൽ എയർ ഇന്ത്യയുടെ നഷ്ടം 83,916 കോടിയാണ്. എയർ ഏഷ്യ ഇന്ത്യ 1,532 കോടിയും വിസ്താര 1,612 കോടിയുമാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നഷ്ടമുണ്ടാക്കിയത്.

സർക്കാർ ഉടമസ്ഥതയിലായിരുന്നപ്പോൾ എയർ ഇന്ത്യക്കുണ്ടായിരുന്ന ചീത്തപ്പേരുകൾ ഓരോന്നായി മാറ്റാനാണ് ടാറ്റ ശ്രമിക്കുന്നത്. വിമാനങ്ങൾ കൃത്യസമയത്ത് സർവീസ് നടത്തുന്നു എന്നുറപ്പാക്കുന്നതിനും ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് ആദ്യ പരിഗണന. സർക്കാറുമായുണ്ടാക്കിയ കരാർ പ്രകാരം നിലവിലുള്ള ജീവനക്കാരെ ഒരു വർഷം നിലനിർത്തേണ്ടതുണ്ട്. അതിനു ശേഷം പിരിച്ചുവിടേണ്ട സാഹചര്യമാണെങ്കിൽ വോളണ്ടറി റിട്ടയർമെന്റ് സ്‌കീം നടപ്പാക്കുകയാവും ചെയ്യുക. നിലവിലുള്ള ഡയറക്ടർ ബോർഡിനോട് തുടരാൻ ടാറ്റ ഗ്രൂപ്പ് മാനേജ്‌മെന്റ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിലുള്ള ബോർഡിനു കീഴിൽ എയർ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്താനും ആവശ്യമെങ്കിൽ മാത്രം ഉന്നത തലത്തിൽ അഴിച്ചുപണി നടത്താനുമാണ് ടാറ്റ മാനേജ്‌മെന്റ് കമ്മിറ്റിയുടെ തീരുമാനം. വിമാനക്കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് മാനേജ്‌മെന്റ് കമ്മിറ്റി മേൽനോട്ടം വഹിക്കും. രത്തൻ ടാറ്റ, എൻ ചന്ദ്രശേഖരൻ എന്നിവരുടെ മേൽനോട്ടത്തിലുള്ള മാനേജ്‌മെന്റ് കമ്മിറ്റിയാവും ഉന്നതതലത്തിൽ പുതിയ നിയമനങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കുക.

വിനോദ് ഹെഡ്മഡി (ഫിനാൻസ്), അമൃത സരൺ (ഉദ്യോഗം), മീനാക്ഷി മല്ലിക് (കമേഴ്‌സ്യൽ), ക്യാപ്ടൻ ആർ. എസ് സന്ധു (ഓപറേഷൻസ്) എന്നിവരാണ് നിലവിലുള്ള ഡയറക്ടർമാർ. ടാറ്റ ഔദ്യോഗികമായി നിയന്ത്രണം ഏറ്റെടുക്കുന്നതിന് ഒരാഴ്ച മാത്രം മുമ്പാണ് സിവിൽ ഏവിയേഷൻ മന്ത്രാലയ സെക്രട്ടറി രാജീവ് ബൻസാലിനെ മാറ്റി എയർ ഇന്ത്യ വിക്രം ദേവ് ഭട്ടിനെ സി.എം.ഡി ആക്കിയത്.

ബന്ധപ്പെട്ട വാർത്തകൾ:

എയർ ഇന്ത്യയിൽ അഴിച്ചുപണികൾ തൽക്കാലമില്ല; മുൻഗണന കസ്റ്റമർ സർവീസിന്

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News