ഉത്തർപ്രദേശിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്
തെരഞ്ഞെടുപ്പ് നടക്കുന്ന ഈ 55 മണ്ഡലങ്ങളിൽ നിലവിൽ 33 സീറ്റുകളിൽ ബിജെപിയും,13 സീറ്റുകളിൽ സമാജ്വാദി പാർട്ടിയുമാണ്
ഉത്തർപ്രദേശിൽ ഇന്ന് രണ്ടാം ഘട്ടം വോട്ടെടുപ്പ്. ഒന്നാം ഘട്ടം നടന്നതിന്റെ തുടർച്ചയായി പടിഞ്ഞാറൻ യുപിയിലാണ് ഇന്നും വോട്ടെടുപ്പ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് വോട്ടെടുപ്പ് നടത്തുന്നതെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 9 ജില്ലകളിലെ 55 മണ്ഡലങ്ങളിലേക്ക് ആണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.ഒന്നാം ഘട്ടത്തെ അപേക്ഷിച്ചു എട്ട് പ്രശ്നബാധിത മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തിലുള്ളത്.
നാഗിന, ദംപൂർ, ബിജ്നോർ, സംബൽ, അസ്‌മോലി, ദിയോബന്ദ്, രാംപൂർ മണിഹരൻ, ഗംഗോ എന്നിവയാണ് പ്രശ്നബാധിത മണ്ഡലങ്ങൾ.സമാധാനപരമായ വോട്ടെടുപ്പിന് കൂടുതൽ സേനയെ വിന്യസിക്കുമെന്ന് ഉത്തർപ്രദേശ് പോലീസ് അറിയിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന ഈ 55 മണ്ഡലങ്ങളിൽ നിലവിൽ 33 സീറ്റുകളിൽ ബിജെപിയും,13 സീറ്റുകളിൽ സമാജ്വാദി പാർട്ടിയുമാണ്.ന്യൂനപക്ഷത്തിനു ഏറെ സ്വാധീനമുള്ള ഈ പ്രദേശത്ത് എസ്പിക്ക് മേൽക്കൈയുണ്ടെന്നു വിലയിരുത്തുന്നു.
ആർ.എൽ.ഡിയുമായുള്ള സഖ്യം എസ്പിക്ക് ഏറെ ഗുണം ചെയ്യുന്നുണ്ട്. സമാജ്വാദി പാർട്ടി നേതാവ് മുഹമ്മദ് ആസം ഖാനാണ് രാംപൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്നത്. അസംഖാൻ ജയിലിൽ കിടന്നു മത്സരിക്കുന്നതിന്റെ പേരിൽ,എസ് പിക്കെതിരെ ബിജെപി സംസ്ഥാന വ്യാപകമായി പ്രചരണം നടത്തുന്നുണ്ട്. മുൻ ബിജെപി മന്ത്രിയും നിലവിൽ എസ്പി നേതാവുമായ ധരം സിംഗ് സൈനിയും, യോഗി മന്ത്രി സഭയിലെ ധനമന്ത്രി സുരേഷ് ഖന്നയും ഇന്ന് ജനവിധി തേടുന്നുണ്ട്.