'അദാനി, അംബാനി, ടാറ്റ, ബിർള എന്നിവരേക്കാൾ വിലപ്പെട്ടതാണ് എന്റെ സമയം'; ബാബ രാംദേവ്
'കോർപ്പറേറ്റുകൾ അവരുടെ സമയത്തിന്റെ 99 ശതമാനവും ചെലവഴിക്കുന്നത് സ്വാർത്ഥതാൽപ്പര്യത്തിനാണ്'
പനാജി: മുകേഷ് അംബാനി, ഗൗതം അദാനി, രത്തൻ ടാറ്റ, ആദിത്യ ബിർള തുടങ്ങിയ ശതകോടീശ്വരൻമാരായ വ്യവസായികളുടെ സമയത്തേക്കാൾ വിലപ്പെട്ടതാണ് തന്റെ സമയമെന്ന് യോഗ ഗുരു രാംദേവ്. ഗോവയിൽ ഒരുപരിപാടിക്കിടെയാണ് ബാബ രാംദേവിന്റെ പരാമർശം.
'ഒരു ദർശകൻ സമയം ചെലവഴിക്കുന്നത് എല്ലാവരുടെയും നന്മയ്ക്കാണ്. എന്റെ സമയത്തിന്റെ മൂല്യം അദാനി, അംബാനി, ടാറ്റ, ബിർള എന്നിവരെക്കാൾ വലുതാണ്. കോർപ്പറേറ്റുകൾ അവരുടെ സമയത്തിന്റെ 99 ശതമാനവും സ്വാർത്ഥതാൽപ്പര്യത്തിനാണ് ചെലവഴിക്കുന്നത്. പക്ഷേ സന്യാസിമാർ അവരുടെ സമയം ചെലവഴിക്കുന്നത് പൊതു നന്മക്കും...' അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച പനാജിയിൽ തന്റെ സഹായി ആചാര്യ ബാലകൃഷ്ണയെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു ബാബ രാംദേവ്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്രമന്ത്രി ശ്രീപദ് നായിക് എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.
കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്ത് കാൻസർ കേസുകൾ വർധിച്ചതായും നിരവധി ആളുകളുടെ കാഴ്ചയും കേൾവി ശക്തിയും നഷ്ടപ്പെട്ടുവെന്നും കഴിഞ്ഞദിവസം രാംദേവ് പറഞ്ഞിരുന്നു. ഗോവയിലെ മിരാമർ ബീച്ചിൽ പതഞ്ജലി യോഗസമിതി സംഘടിപ്പിച്ച ചർച്ചക്ക് മുന്നോടിയായിരുന്നു ബാബ രാംദേവിന്റെ പരാമർശം.
മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ വേദിയിലിരുത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എന്നാൽ ഇവ രണ്ടും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും കേസുകളുടെ വർധനവ് ഒരു സാധാരണ പ്രതിഭാസമാണെന്നും മെഡിക്കൽ വിദഗ്ധർ പറഞ്ഞു. ഈ മാസം ആദ്യം രാജസ്ഥാനിലെ ബാർമർ ജില്ലയിൽ മുസ്‍ലിങ്ങൾ ഭീകരവാദം നടത്തുകയും ഹിന്ദു സ്ത്രീകളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തുവെന്ന് പ്രസംഗിച്ചതിന് ബാബ രാംദേവിനെതിരെ കേസെടുത്തിരുന്നു.