അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറിൽ വൻ പ്രതിഷേധം; റെയിൽ, റോഡ് ഗതാഗതം തടഞ്ഞു

സൈനികസേവനത്തിന് താൽപര്യമുള്ളവർക്ക് താൽക്കാലികമായി നാലുവർഷത്തേക്ക് നിയമനം നൽകുന്ന പദ്ധതിയാണ് അഗ്നിപഥ്. ഇവർ പെൻഷനോ മറ്റു ആനുകൂല്യങ്ങളോ ഉണ്ടാവില്ല.

Update: 2022-06-16 07:20 GMT
Advertising

പട്‌ന: സായുധസേനകളിലേക്ക് നാലുവർഷത്തേക്ക് താൽക്കാലികമായി നിയമനം നൽകുന്ന കേന്ദ്രസർക്കാറിന്റെ 'അഗ്നിപഥ്' പദ്ധതിക്കെതിരെ ബിഹാറിൽ തുടർച്ചയായ രണ്ടാം ദിവസവും ഉദ്യോഗാർഥികളുടെ പ്രതിഷേധം. റെയിൽ, റോഡ് ഗതാഗതം തടസ്സപ്പെടുത്തിയാണ് ഉദ്യോഗാർഥികൾ പ്രതിഷേധിക്കുന്നത്. സമരക്കാരെ നേരിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

ഭാഭുവ റോഡ് റെയിൽവേ സ്‌റ്റേഷനിലെ ഇന്റർസിറ്റി എക്‌സ്പ്രസ് ട്രെയിനിന്റെ ചില്ലുകൾ അടിച്ചുതകർത്ത പ്രതിഷേധക്കാർ ഒരു കോച്ചിന് തീയിട്ടു. 'ഇന്ത്യൻ ആർമി ലൗവേഴ്‌സ്' എന്ന ബാനർ പിടിച്ചാണ് പ്രതിഷേധക്കാരെത്തിയത്. അറായിലെ റെയിൽവേ സ്റ്റേഷനിൽ കല്ലെറിഞ്ഞ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതക ഷെല്ലുകൾ ഉപയോഗിച്ചു. ഫർണീച്ചറുകൾ റെയിൽവേ ട്രാക്കിലേക്ക് വലിച്ചെറിഞ്ഞ് തീയിട്ടതിനെ തുടർന്ന് അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ജഹാനാബാദിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്താൻ ശ്രമിച്ചത് ചോദ്യം ചെയ്ത മറ്റു യാത്രക്കാർക്ക് നേരെയും പൊലീസിന് നേരെയും പ്രതിഷേധക്കാർ കല്ലെറിഞ്ഞു. തോക്ക് ചൂണ്ടിയാണ് പൊലീസ് പ്രതിഷേധക്കാരെ വിരട്ടിയോടിച്ചത്.

സൈനികസേവനത്തിന് താൽപര്യമുള്ളവർക്ക് താൽക്കാലികമായി നാലുവർഷത്തേക്ക് നിയമനം നൽകുന്ന പദ്ധതിയാണ് അഗ്നിപഥ്. ഇവർ പെൻഷനോ മറ്റു ആനുകൂല്യങ്ങളോ ഉണ്ടാവില്ല. ശമ്പളത്തിൽനിന്ന് പിടിക്കുന്ന പണവും അതിന്റെ പലിശയും അടക്കം 11.5 ലക്ഷം രൂപ പിരിഞ്ഞുപോരുമ്പോൾ ലഭിക്കും. ഇങ്ങനെ നിയമിക്കപ്പെടുന്നവരിൽ 25 ശതമാനം പേർക്ക് മാത്രമേ സ്ഥിരനിയമനം ലഭിക്കുകയുള്ളൂ. ഇത് തങ്ങളുടെ തൊഴിൽസാധ്യതയെ ബാധിക്കുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News