ലോകത്തെ ഏറ്റവും വലിയ മത സ്മാരകം ബംഗാളില്‍ ഉയരുന്നു; പിന്നില്‍ ഫോര്‍ഡിന്‍റെ കൊച്ചു മകന്‍

പുരാതന വൈദിക സംസ്കാരവും പാരമ്പര്യവും എല്ലാവർക്കും പ്രാപ്യമാക്കാൻ ലക്ഷ്യമിടുന്നതാകും മായാപൂര്‍ ക്ഷേത്രം

Update: 2022-08-26 13:02 GMT
Editor : ijas
Advertising

കൊല്‍ക്കത്ത: ലോകത്തെ ഏറ്റവും വലിയ മത സ്മാരകം ഇന്ത്യയില്‍ ഉയരുന്നു. പശ്ചിമ ബംഗാളിലെ മായാപൂരിലാണ് ലോകത്തെ ഏറ്റവും വലിയ മത സ്മാരകം ക്ഷേത്ര രൂപത്തില്‍ ഉയരുന്നത്. സ്മാരകത്തിന്‍റെ നിര്‍മാണം 2024ല്‍ പൂര്‍ത്തിയാകും. 400 ഏക്കറോളം വിശാലതയില്‍ കംബോഡിയയില്‍ സ്ഥിതി ചെയ്യുന്ന ആംഗോര്‍ വാട്ട് ആണ് നിലവില്‍ ഏറ്റവും വലിയ മത സ്മാരകം.

അന്താരാഷ്ട്ര കൃഷ്ണ കോൺഷ്യസ്‌നെസ് സൊസൈറ്റി (ഇസ്‌കോൺ) എന്ന ഹിന്ദു സംഘടനക്ക് കീഴില്‍ ഉയരുന്ന പദ്ധതി ഗംഗാ നദിയുടെ തീരത്ത് ആണ് നിർമ്മിക്കുന്നത്. സ്മാരകത്തിന്‍റെ പ്രധാന നിര്‍മാണ പ്രവൃത്തികളെല്ലാം പൂര്‍ത്തിയായതായും ക്ഷേത്രത്തിന്‍റെ അകത്തള നിര്‍മാണമാണ് നിലവില്‍ പുരോഗമിക്കുന്നതെന്നും ഇസ്കോണ്‍ വക്താവ് രാധാറാം ദാസ് അറിയിച്ചു. ഒരേ സമയം പതിനായിരം പേര്‍ക്ക് ഒരേ സമയം ദര്‍ശനം നല്‍കാന്‍ സാധിക്കുന്ന തരത്തിലാണ് നിര്‍മാണം. ഒരു വലിയ ഫുട്ബോള്‍ മൈതാനത്തിനേക്കാളും വലുപ്പത്തിലാണ് ക്ഷേത്രത്തിന്‍റെ അകത്തളമെന്നും അദ്ദേഹം പറഞ്ഞു. പുരാതന വൈദിക സംസ്കാരവും പാരമ്പര്യവും എല്ലാവർക്കും പ്രാപ്യമാക്കാൻ ലക്ഷ്യമിടുന്നതാകും മായാപൂര്‍ ക്ഷേത്രമെന്നും അദ്ദേഹം വ്യക്തമാക്കി.

വിഖ്യാത കാര്‍ നിര്‍മാണ കമ്പനിയായ ഫോര്‍ഡിന്‍റെ സ്ഥാപകന്‍ ഹെന്‍ റി ഫോര്‍ഡിന്‍റെ കൊച്ചു മകന്‍ ആല്‍ഫ്രഡ് ഫോര്‍ഡാണ് ക്ഷേത്ര സ്മാരകത്തിന്‍റെ നിര്‍മാണത്തിന് പിന്നില്‍. 1975ല്‍ ഇസ്കോണ്‍ അംഗമായ ആല്‍ഫ്രഡ്, ഇസ്കോണ്‍ സ്ഥാപകനും ഗൌണ്ട്യ വൈഷ്ണവ ഗുരുവുമായ സ്വാമി പ്രഭുപദയുടെ അനുയായിയാണ്. പിന്നീട് അംബരീഷ് ദാസ് എന്ന് ആല്‍ഫ്രഡ് പേര് മാറ്റുകയും ചെയ്തു.

മുപ്പത് ദശലക്ഷം ഡോളറാണ് ക്ഷേത്രത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി ആല്‍ഫ്രഡ് സംഭാവന നല്‍കിയത്. 700 ഏക്കറിലായി നീണ്ടുകിടക്കുന്ന ക്ഷേത്ര സ്മാരകത്തിന്‍റെ മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തികള്‍ക്കുമായി 400 കോടിക്ക് മുകളില്‍ ആണ് പണം വകയിരുത്തിയത്. ആധുനിക ശാസ്ത്രവും ഇന്ത്യൻ വിജ്ഞാന വ്യവസ്ഥയുടെയും യോജിച്ചുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനായി ഉന്നത പഠന സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, ആത്മീയ സ്ഥാപനങ്ങൾ എന്നിവയും മായാപൂരിലെ ക്ഷേത്രത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കും.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News