സൂചിയില്ലാ വാക്‌സിന്‍ 'സൈകോവ്-ഡി'ക്ക് അനുമതി നൽകാൻ ശിപാർശ
മൂന്ന് ഡോസ് എടുക്കേണ്ട സൈകോവ്-ഡിയുടെ ഫലപ്രാപ്തി 66 ശതമാനമാണ്
രാജ്യത്തെ രണ്ടാമത്തെ സമ്പൂർണ തദ്ദേശീയ വാക്‌സിനായ സൈഡസ് കാഡിലയുടെ 'സൈകോവ്-ഡി'ക്ക് അനുമതി നൽകാൻ ശിപാർശ. സൂചിയില്ലാ വാക്‌സിന് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നൽകാനാണ് വിദഗ്ധ സമിതി കേന്ദ്രത്തിന് ശിപാർശ നൽകിയത്.
മൂന്ന് ഡോസ് എടുക്കേണ്ട വാക്‌സിനാണ് മരുന്നു നിർമാതാക്കളായ സൈഡസ് കാഡിലയുടെ സൈകോവ്-ഡി. 66 ശതമാനമാണ് വാക്‌സിന്റെ ഫലപ്രാപ്തി. അടിയന്തര ഉപയോഗത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കമ്പനി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക്(ഡിസിജിഐ) അപേക്ഷ നൽകിയിരുന്നു. കേന്ദ്രത്തിന്‍റെ അനുമതി ലഭിച്ചാൽ മനുഷ്യരിൽ ഉപയോഗിക്കുന്ന ആദ്യത്തെ ഡിഎൻഎ വാക്‌സിൻ കൂടിയാകും ഇത്.
#NewsAlert | ZyCoV-D vaccine by #ZydusCadila is expected to be available soon in India as #DCGI recommends usage of the 3 dose vaccine against #Covid19. pic.twitter.com/3Is3G3mQze
— TIMES NOW (@TimesNow) August 20, 2021
സൂചിയില്ലാതെയാകും വാക്‌സിൻ കുത്തിവയ്‌പ്പെന്ന പ്രത്യേകതയും സൈകോവിനുണ്ട്. ട്രോപിസ് എന്ന സംവിധാനം വഴിയായിരിക്കും വാക്‌സിൻ നൽകുക. സാധാരണ സൂചിവഴിയുള്ള വാക്‌സിൻ കുത്തിവയ്പ്പിന്റെ പാർശ്വഫലങ്ങൾ കുറയ്ക്കാൻ ഇതുവഴി സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. 12നും 18നും ഇടയിൽ പ്രായമുള്ളവർക്കിടയിലും വാക്‌സിൻ പരീക്ഷണം നടത്തിയിട്ടുണ്ട്.