വിദേശകാര്യ മന്ത്രാലയത്തില്‍ തുര്‍ക്കി അഴിച്ചുപണിക്കൊരുങ്ങുന്നു

Update: 2017-10-10 08:36 GMT
Editor : Jaisy
വിദേശകാര്യ മന്ത്രാലയത്തില്‍ തുര്‍ക്കി അഴിച്ചുപണിക്കൊരുങ്ങുന്നു
Advertising

അംബാസ‍ഡര്‍മാരില്‍ ചിലരെയും നീക്കുമെന്ന് സൂചനയുണ്ട്

പട്ടാള അട്ടിമറിശ്രമം പരാജയപ്പെട്ട സാഹചര്യത്തില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ തുര്‍ക്കി അഴിച്ചുപണിക്കൊരുങ്ങുന്നു. അംബാസ‍ഡര്‍മാരില്‍ ചിലരെയും നീക്കുമെന്ന് സൂചനയുണ്ട്. ആരോപണവിധേയനായ ഫതഹുല്ല ഗുലനെ കൈമാറാന്‍ തയ്യാറായില്ലെങ്കില്‍ തുര്‍ക്കി-അമേരിക്ക ബന്ധം വഷളാകുമെന്നും രാജ്യം മുന്നറിയിപ്പ് നല്‍കി.

രാജ്യത്തെ പട്ടാള അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിന്റെ ഭാഗമായി 60,000ത്തോളം സൈനികരെയും പൊലീസുദ്യോഗസ്ഥരെയും ജഡ്ജുമാരെയും അധ്യാപകരെയും നേരത്തെ അറസ്റ്റ് ചെയ്യുകയും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിദേശകാര്യമന്ത്രാലയത്തിലും സര്‍ക്കാര്‍ അഴിച്ചുപണിക്കൊരുങ്ങുന്നത്. മന്ത്രാലയത്തിലെയും അംബാസഡര്‍മാരില്‍ ചിലരെയും നീക്കം ചെയ്യുമെന്ന് വിദേശ കാര്യമന്ത്രി മെവ്‌ലറ്റ് കാവുസൊഗ്‌ളു അറിയിച്ചു.

ആരോപണവിധേയനായ ഫതഹുല്ല ഗുലനെ കൈമാറാന്‍ തയ്യാറായില്ലെങ്കില്‍ തുര്‍ക്കി- അമേരിക്ക ബന്ധം വഷളാകുമെന്നും മന്ത്രി വ്യക്തമാക്കി. ആരോപണങ്ങളെ ഗുലന്‍ നിഷേധിച്ചിരുന്നു. അട്ടിമറിശ്രമം പരാജയപ്പെടുത്താന്‍ സഹായിച്ച പ്രതിപക്ഷപാര്‍ട്ടി നേതാക്കളെ ഉര്‍ദുഗാന്‍ യോഗത്തിന് ക്ഷണിച്ചു. ഭരണപക്ഷമായ എകെ പാര്‍ട്ടി, പ്രധാന പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി, നാഷണിലിസ്റ്റ് മൂവ്മെന്റ് പാര്‍ട്ടി എന്നിവര്‍ നാളെ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. ചരിത്രത്തിലാദ്യമായാണ് മൂന്ന് പാര്‍ട്ടികളും നേതാക്കളും ഒരുമിച്ചൊരു യോഗത്തില്‍ പങ്കെടുക്കാനൊരുങ്ങുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News