അതിസമ്പന്ന പട്ടികയിൽ ഇലോൺ മസ്‌കിനും ജെഫ് ബെസോസിനും ഒപ്പം; ആരാണീ ചൈനീസ് യുവതി?

ചൈനയിലെ ഏറ്റവും വലിയ ഇ-സിഗരറ്റ് നിർമാതാക്കളായ ആർഎൽഎക്‌സ് ടെക്‌നോളജി സിഇഒയാണ് 39കാരിയായ ഇവർ

Update: 2021-04-07 12:02 GMT
Advertising

2021ലെ ഫോബ്‌സിന്റെ അതിസമ്പന്ന പട്ടിക പുറത്തുവന്നപ്പോൾ ഇത്തവണ ശ്രദ്ധിക്കപ്പെട്ടത് കെയ്റ്റ് വാങ് എന്ന പേരാണ്. ആമസോൺ സ്ഥാപൻ ജെഫ് ബെസോസിനും ടെസ്‌ല മേധാവി ഇലോൺ മസ്‌കിനും ഒപ്പം ഇടംപിടിച്ച ഈ യുവതി ആരാണ് എന്ന് എല്ലാവരും ഉറ്റുനോക്കുകയുണ്ടായി.

അഞ്ചു ബില്യൺ ഡോളറാണ് ആഗോള പട്ടികയിൽ 561-ാം സ്ഥാനത്തുള്ള കെയ്റ്റ് വാങ്ങിന്റെ ആസ്തി. ചൈനയിലെ ഏറ്റവും വലിയ ഇ-സിഗരറ്റ് നിർമാതാക്കളായ ആർഎൽഎക്‌സ് ടെക്‌നോളജി സിഇഒയാണ് 39കാരിയായ ഇവർ. ന്യൂയോർക്ക് സ്‌റ്റോക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനിയാണിത്. കമ്പനിയിൽ 20 ശതമാനം ഓഹരിയാണ് ഇവർക്കുള്ളത്.

2018ന്റെ തുടക്കത്തിലാണ് ഇവർ കമ്പനി സ്ഥാപിച്ചത്. പുകവലി ഉപേക്ഷിക്കാൻ അച്ഛൻ പാടുപെടുന്നത് കണ്ട വേളയിലാണ് ഇ സിഗരറ്റ് എന്ന ആശയം കെയ്റ്റിന്റെ തലയിലുദിച്ചത്. 2018ൽ മാത്രം 20 ദശലക്ഷം യുഎസ് ഡോളറായിരുന്നു ഇ സിഗരറ്റിന്റെ വിൽപ്പന. 2020ൽ ഇത് 585 ദശലക്ഷം ഡോളറായി വളർന്നു.

ആർഎൽഎക്‌സിന് മുമ്പ് ഡിഡി ഷുസിങ്, ഉബർ ചൈന എന്നീ കമ്പനികൾ ഇവർ ജോലി ചെയ്തിട്ടുണ്ട്. ഉബർ ചൈനയുടെ ജനറൽ മാനേജറായിരുന്നു.

പുതിയ തലമുറയെ ലക്ഷ്യമിട്ടാണ് ഇവര്‍ ഇ സിഗരറ്റ് എന്ന ആശയം കൊണ്ടുവന്നത്. പുകയില കത്തിക്കാതെ പുകവലിയുടെ പെരുമാറ്റ വശങ്ങൾ, അനുഭൂതി എന്നിവ നൽകുന്ന ഉപകരണമാണ് ഇ സിഗരറ്റ്. ഇ-സിഗരറ്റ് ഉപയോഗിക്കുന്നതിനെ വാപ്പിങ് എന്നാണ് പറയുന്നത്. ഉപയോക്താവിനെ വാപ്പർ എന്നും വിളിക്കുന്നു.

ഇത്തവണത്തെ ഫോബ്സ് പട്ടികയില്‍ 493 പുതിയ സമ്പന്നരാണ് ഇടംപിടിച്ചത്. ഇതില്‍ 210 പേര്‍ ചൈനയില്‍ നിന്നും ഹോങ്കോങ്ങില്‍ നിന്നുമാണ്. തുടര്‍ച്ചയായ നാലാം വര്‍ഷവും ജെഫ് ബെസോസാണ് പട്ടികയില്‍ ഒന്നാമത്. ആസ്തി 177 ബില്യണ്‍ ഡോളര്‍. ആമസോണ്‍ ഓഹരികള്‍ വര്‍ധിച്ചതു മൂലം കഴിഞ്ഞ വര്‍ഷം മാത്രം ബെസോസിന്റെ ആസ്തിയില്‍ 64 ബില്യണിന്റെ വര്‍ധനയാണ് ഉണ്ടായത്.

ജെഫ് ബെസോസ്

151 ബില്യണുമായി ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കാണ് രണ്ടാമത്. ഫ്രഞ്ച് ആഡംബര ഉല്‍പ്പന്ന ഭീമന്‍ ബെര്‍ണാര്‍ഡ് അര്‍ണാള്‍ട്ട് ആണ് മൂന്നാമത്. ബില്‍ ഗേറ്റ്‌സ് നാലാമതും മാര്‍ക് സക്കര്‍ബര്‍ഗ് അഞ്ചാമതും. എട്ടാമതാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News