കൊല്ലത്ത് ഇടത് തരംഗത്തില്‍ യുഡിഎഫ് കടപുഴകി

Update: 2017-04-15 09:08 GMT
Editor : admin
കൊല്ലത്ത് ഇടത് തരംഗത്തില്‍ യുഡിഎഫ് കടപുഴകി
Advertising

കൊല്ലത്ത് 11 ല്‍ പതിനൊന്നും പിടിച്ച് ഇടത് തേരോട്ടം.

കൊല്ലത്ത് 11 ല്‍ പതിനൊന്നും പിടിച്ച് ഇടത് തേരോട്ടം. യുഡിഎഫിന്റെ 2 സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്താണ് കൊല്ലം എല്‍ഡിഎഫ് തൂത്തുവാരിയത്. ചാത്തന്നൂരില്‍ രണ്ടാം സ്ഥാനത്തെത്തി ജില്ലയില്‍ ബിജെപിയും മുന്നേറ്റമുണ്ടാക്കി.

ഇടത് ആഭിമുഖ്യം പുലര്‍ത്തുന്ന കൊല്ലത്ത് 10 വര്‍ഷങ്ങള്‍ക്കിപ്പുറം കൈപ്പത്തി ചിഹ്നത്തില്‍ എംഎല്‍എ ഉണ്ടാകുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു യുഡിഎഫിന്റെ പ്രചാരണം തുടക്കം മുതല്‍ പുരോഗമിച്ചത്. ചവറ, ഇരവിപുരം എന്നീ സിറ്റിംഗ് സീറ്റുകള്‍ക്ക് പുറമേ കരുനാഗപ്പള്ളി, കുണ്ടറ എന്നീ സീറ്റുകളിലായിരുന്നു പ്രതീക്ഷ. പക്ഷേ ഇടത് തരംഗത്തില്‍ ജില്ലയില്‍ യുഡിഎഫ് കടപുഴകി. എം എം ഹസ്സന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ശൂരനാട് രാജശേഖരന്‍, ഷിബു ബേബി ജോണ്‍, എ എ അസീസ്, ജഗദീഷ് എന്നിങ്ങനെ ജില്ലയില്‍ യുഡിഎഫിന്റെ പ്രമുഖനിര അന്‍പേ പരാജയപ്പെട്ടു. കൊട്ടാരക്കരയില്‍ യൂത്ത്‌കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് സവിന്‍ സത്യന്‍ നാല്‍പ്പത്തിനാലായിരത്തിലധികം വോട്ടുകള്‍ക്ക് ഐഷാ പോറ്റിയോട് പരാജയപ്പെട്ടത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു. കൊല്ലത്ത് നടന്‍ മുകേഷ് പതിനേഴായിരത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ചത് സിപിഎമ്മിന് കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നു.

മുന്നണിമാറി എത്തിയ കെ ബി ഗണേഷ് കുമാര്‍ താരപോരാട്ടത്തിനൊടുവില്‍ പത്തനാപുരത്തും കോവൂര്‍ കുഞ്ഞുമോന്‍ കുന്നത്തൂരിലും മിന്നുന്ന വിജയം നേടി. ചവറയില്‍ ഷിബു ബേബി ജോണിനെ പരാജയപ്പെടുത്തിയ സിഎംപി സ്ഥാനാര്‍ത്ഥി എന്‍ വിജയന്‍പിള്ള ഈ തെരഞ്ഞെടുപ്പിലെ തന്നെ താരമായി. ചാത്തന്നൂരില്‍ രണ്ടാം സ്ഥാനം നേടിയ ബിജെപിയും മുന്നേറ്റമുണ്ടാക്കി. ഇത് കൂടാതെ കൊട്ടരക്കര, കുന്നത്തൂര്‍ എന്നിവിടങ്ങളിലും ഇരുപതിനായിരത്തിലധികം വോട്ടാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേടിയത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News