ആലപ്പുഴയിലെ റോഡുകളുടെ തകർച്ച: വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പൂഴ്ത്തി

Update: 2017-06-29 07:20 GMT
Editor : Sithara
ആലപ്പുഴയിലെ റോഡുകളുടെ തകർച്ച: വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പൂഴ്ത്തി
Advertising

ദേശീയപാതയുടെ ഓരോ ഭാഗത്തേയും തകർച്ചയുടേയും സ്ഥിരമായി ഉണ്ടാകുന്ന അപകടകാരണവും അതിന്റെ പരിഹാര നിർദേശവുമായിരുന്നു റിപ്പോർട്ടിൽ.

Full View

ആലപ്പുഴയിലെ ദേശീയപാതയുടെ തകർച്ചയെക്കുറിച്ച് നാല് വർഷം മുൻപ് നൽകിയ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പൂഴ്ത്തി. ദേശീയപാതയുടെ ഓരോ ഭാഗത്തേയും തകർച്ചയുടേയും സ്ഥിരമായി ഉണ്ടാകുന്ന അപകടകാരണവും അതിന്റെ പരിഹാര നിർദേശവുമായിരുന്നു റിപ്പോർട്ടിൽ. പൊതുമരാമത്ത് വകുപ്പിന്റെ നിർദേശ പ്രകാരം സാങ്കേതിക വിദ്യാഭ്യാസ കൌൺസിലാണ് പഠനം നടത്തിയത്.

2012ൽ റോഡ് ഇപ്പോഴത്തെ അവസ്ഥയിൽ കുഴികളാൽ നിറഞ്ഞപ്പോഴാണ് പൊതുമരാമത്ത് വകുപ്പ് റോഡിന്റെ പെട്ടെന്നുള്ള തകർച്ചയെക്കുറിച്ച് പഠിക്കാൻ തീരുമാനിച്ചത്. സാങ്കേതിക വിദ്യാഭ്യാസ കൌൺസിൽ മെമ്പർ സെക്രട്ടറിയായിരുന്ന ഡോ. കുഞ്ചെറിയ പി ഐസക്കിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പഠനം നടത്തിയത്. ജില്ലയിലെ അരൂർ മുതൽ കൃഷ്ണപുരം വരെയുള്ള റോഡിന്റെ അവസ്ഥ പഠിച്ച സമിതി റോഡ് പുനർ നിർമിക്കണമെന്നാണ് ശിപാർശ നൽകിയത്. റോഡിന്റെ പല ഭാഗങ്ങളിലും 40 മില്ലി മീറ്റർ വണ്ണത്തിൽ ടാറിംഗ് നടത്തണമായിരുന്നു. എന്നാൽ 30 മില്ലി മീറ്റർ അളവിൽ മാത്രമേ ടാർ ചെയ്തിട്ടുള്ളുവെന്ന് സമിതി കണ്ടെത്തി. റോഡ് നിർമാണത്തിൽ ഡ്രൈനേജ് സംവിധാനം നിർബന്ധമായിരുന്നിട്ടും അത് പാലിച്ചില്ല. ഇത് കാരണം പലയിടത്തും വിള്ളൽ വീഴാൻ കാരണമായി. ഡ്രൈനേജ് സംവിധാനം പ്രധാന പ്രശ്നമായ നഗരപ്രദേശങ്ങളിൽ ഇന്റർ ലോക്ക് കോൺക്രീറ്റ് ടൈലുകൾ നിരത്തണമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. ചേർത്തല മുതൽ മാരാരിക്കുളം വരെയുള്ള ഭാഗത്ത് റോഡിന് ഉറപ്പുള്ള അടിത്തറയില്ലാത്തതാണ് തകർച്ചക്ക് കാരണം. അമ്പലപ്പുഴ മുതൽ തോട്ടപ്പള്ളി വരെയുള്ള ഭാഗത്തും സ്പിൽവേയിലും വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ലാത്തതാണ് പ്രശ്നം.

അരൂർ മുതൽ കൃഷ്ണപുരം വരെ വിവിധ പാലങ്ങളുടേയും റോഡുകളുടേയും പ്രശ്നങ്ങളും അവ പരിഹരിക്കാനുള്ള മാർഗങ്ങളും റിപ്പോർട്ടിലുണ്ടായിരുന്നു. നാല് വർഷം മുൻപ് നൽകിയ ശിപാർശകൾ നടപ്പിലാക്കാഞ്ഞതാണ് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണമായതെന്ന് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നു. ഈ റിപ്പോർട്ട് നിലനിൽക്കേയാണ് വീണ്ടും പഠനം നടത്തുന്നത്. തിരുവനന്തപുരം ഹൈവേ റിസർച്ച് ഇന്‍സ്റ്റിട്യൂട്ടിലെ സംഘമാണ് ഇപ്പോൾ പ്രശ്നം പഠിക്കുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News