ക്വാറികളുടെ പട്ടയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മലയോര സംരക്ഷണ സമിതിയുടെ ഉപരോധസമരം
തൃശൂര്‍ ഡെപ്യൂട്ടി കലക്ടറെയും തഹസില്‍ദാരെയും ഏഴ് മണിക്കൂറോളം ഉപരോധിച്ചു
തൃശൂര്‍ ഡെപ്യൂട്ടി കലക്ടറെയും തഹസില്‍ദാരെയും ഏഴ് മണിക്കൂറോളം ഉപരോധിച്ച് മലയോര സംരക്ഷണ സമിതിയുടെ സമരം. വലക്കാവിലെ ക്വാറികളുടെ പട്ടയം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. പൊലീസ് ഇടപെട്ട് തഹസില്‍ദാരെയും ഡെപ്യൂട്ടി കലക്ടറെയും മോചിപ്പിച്ചെങ്കിലും സമരം തുടര്‍ന്നു.
വലക്കാവ്- വട്ടപ്പാറ മേഖലയിലെ ക്വാറികളുടെ പട്ടയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കലക്ട്രേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തി വരികയായിരുന്നു മലയോര സംരക്ഷണ സമിതി. ഈ സമരത്തില്‍ അധികൃതര്‍ ഇടപെടാത്തതിനെ തുടര്‍ന്നാണ് തഹസില്‍ദാരെ ഉപരോധിച്ചത്. ഇതിനിടയില്‍ പ്രശ്നം ചര്‍ച്ച ചെയ്യാനായി ഡെപ്യൂട്ടി കലക്ടറെത്തി. വൈകീട്ട് മൂന്ന് മണിക്ക് തുടങ്ങിയ ഉപരോധം പത്ത് മണി നീണ്ടു. പിന്നീട് പൊലീസ് ഇടപെട്ട് ചര്‍ച്ച നടത്തി. 20 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങി. എന്നാല്‍ താലൂക്ക് ഓഫീസിന് മുന്നില്‍ നിന്ന് പിരിഞ്ഞ് പോകാന്‍ സമരക്കാര്‍ തയ്യാറായില്ല. പട്ടയം റദ്ദാക്കും വരെ പ്രതിഷേധിക്കാനായിരുന്നു ഇവരുടെ തീരുമാനം
സ്ത്രീകളും കുട്ടികളും അടങ്ങിയ മുപ്പതിലധികം പ്രദേശ വാസികളാണ് ഉപരോധത്തിലുണ്ടായിരുന്നത്. വലക്കാവ് -വട്ടപ്പാറ മേഖലയില്‍ നാല് ക്വാറി ക്രഷര്‍ യൂണിറ്റുകളാണ് പ്രവര്‍ത്തിച്ചിരുന്നത്.