തോക്കെടുത്ത സംഭവത്തില്‍ പിസിക്ക് പിന്തുണയുമായി കുടുംബങ്ങള്‍
കരം അടയ്ക്കുന്ന തങ്ങളുടെ ഭൂമിയില്‍ നിന്നും ഹാരിസണ്‍ തൊഴിലാളികള്‍ ഭീഷണിപ്പെടുത്തി ഇറക്കിവിടാന്‍ ശ്രമിക്കാറുണ്ടെന്നും ഇതില്‍ ഇടപെടാന്‍ വന്ന പിസി ജോര്‍ജ്ജിനെ തടഞ്ഞപ്പോഴാണ് പിസി തോക്ക് എടുത്തതെന്നും ഇവര്‍ പറഞ്ഞു
തോക്ക് ചൂണ്ടിയ സംഭവത്തില്‍ പിസി ജോര്‍ജ്ജിന് പിന്തുണയുമായി കയ്യേറ്റക്കാര്‍ എന്ന ആരോപിക്കുന്ന കുടുംബങ്ങള്‍. കരം അടയ്ക്കുന്ന തങ്ങളുടെ ഭൂമിയില്‍ നിന്നും ഹാരിസണ്‍ തൊഴിലാളികള്‍ ഭീഷണിപ്പെടുത്തി ഇറക്കിവിടാന്‍ ശ്രമിക്കാറുണ്ടെന്നും ഇതില്‍ ഇടപെടാന്‍ വന്ന പിസി ജോര്‍ജ്ജിനെ തടഞ്ഞപ്പോഴാണ് പിസി തോക്ക് എടുത്തതെന്നും ഇവര്‍ പറഞ്ഞു. ഇതിനിടെ തൊഴിലാളികളുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പിസി ജോര്‍ജ്ജിനെതിരെ പോലീസ് ചുമത്തി. നാളെ മുണ്ടക്കയം പഞ്ചായത്തില്‍ സംയുക്ത ട്രേഡ് യൂണിയന്‍ ഹര്‍ത്താലും പ്രഖ്യാപിച്ചു.
ഹാരിസണ്‍ മുണ്ടക്കയം വെള്ളനാട് എസ്‌റ്റേറ്റിന്റെ സമീപത്ത് താമസിക്കുന്ന 52 കുടുംബങ്ങളാണ് പിസി ജോര്‍ജ്ജിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഇന്നലെ ഇവരും ഹാരിസണിലെ തോട്ടം തൊഴിലാളികളും തമ്മില്‍ ഉണ്ടായ തര്‍ക്കം പറഞ്ഞ് തീര്‍ക്കാന്‍ എത്തിയപ്പോഴായിരുന്നു പിസി തോക്കെടുത്തത്. എന്നാല്‍ ഇത് സ്വയരക്ഷയ്ക്ക് വേണ്ടിയായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്.
വര്‍ഷങ്ങളായി എസ്‌റ്റേറ്റിന് സമീപത്തായി താമസിക്കുന്നവരാണ് ഇവര്‍. കൃത്യമായി കരം അടയ്ക്കുന്നവര്‍ വരെ ഇവിടെയുണ്ട്. എന്നിട്ടും ഹാരിസണിന്റെ ഗുണ്ടകളായ തൊഴിലാളികള്‍ തങ്ങളെ ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും ഇറക്കി വിടാന്‍ ശ്രമിക്കുയാണെന്നാണ് ഈ കുടുംബങ്ങള്‍ ആരോപിക്കുന്നത്.
ഇതിനിടെ തോട്ടം തൊഴിലാളികള്‍ നല്‍കിയ പരാതിയില്‍ മുണ്ടക്കയം പൊലീസ് പിസി ജോര്‍ജ്ജിനെതിരെ കേസ് എടുത്തു. കൊലപാതക ശ്രമം ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.