അജിതയുടെ മൃതദേഹം അടുത്ത ബുധനാഴ്ച വരെ സംസ്കരിക്കരുതെന്ന് ഹൈക്കോടതി
മൃതദേഹം സംസ്കരിക്കാന്‍ വിട്ട് നല്കണമെന്ന് ആവശ്യപ്പെട്ട് അജിതയുടെ സുഹൃത്ത് ഭഗവത് സിങ് നല്കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം
നിലമ്പൂരില്‍ നടന്ന മാവോയിസ്റ്റ് വേട്ടയില്‍ കൊല്ലപ്പെട്ട അജിതയുടെ മൃതദേഹം അടുത്ത ബുധനാഴ്ച വരെ സംസ്കരിക്കരുതെന്ന് ഹൈക്കോടതി. മൃതദേഹം സംസ്കരിക്കാന്‍ വിട്ട് നല്കണമെന്ന് ആവശ്യപ്പെട്ട് അജിതയുടെ സുഹൃത്ത് ഭഗവത് സിങ് നല്കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ സുഹൃത്തിന്റെ ആവശ്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സര്‍ക്കാരിനോടും പൊലീസിനോടും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഹരജിയില്‍ കൂടുതല്‍വാദം ബുധനാഴ്ച കേള്‍ക്കും.
നിലമ്പൂരിലെ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് അജിതയുടെ മൃതദേഹം വിട്ടുനല്‍കണമെന്ന് അവശ്യപ്പെട്ട് അജിതയുടെ സഹപാഠിയായ ഭഗവത് സിങാണ് മൃതദേഹം വിട്ടുതരണമെന്ന അപേക്ഷ മലപ്പുറം എസ്.പിക്ക് നല്‍കിയത്. കേരള പൊലീസ് മാനുവലിലെ വകുപ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നല്‍കിയത്.
അജിതയുടെ ബന്ധുക്കളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍ അജിതയുടെ പിതാവിന്‍റെ സഹോദരന്‍ മൃതദേഹം ആവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നുവെന്നും ഇയാളെ പൊലീസ് ഭയപ്പെടുത്തി നാട്ടിലേക്ക് പറഞ്ഞയച്ചുവെന്നുമാണ് അജിതയുടെ സുഹൃത്ത് ഭഗവത് സിങ് പറയുന്നത്.
അജിതയുടെ ഭര്‍ത്താവാണെന്ന് അവകാശപ്പെടുന്ന ആള്‍ക്ക് അത് തെളിയിക്കുന്നതിനുളള രേഖകളില്ല. ഇതുകൊണ്ടാണ് അജിതയും താനും ഒരുമിച്ചു പഠിച്ചതാണെന്ന തെളിവുകളുമായി ഭഗവത് സിങ് എത്തിയത്. പൊലീസ് മാനുവലിലെ 827 (2) വകുപ്പ് പ്രകാരം സുഹൃത്തുക്കള്‍ക്കും മൃതദേഹം ഏറ്റെടുക്കാമെന്നും ഇദ്ദേഹം പറഞ്ഞു. ഇതു കാണിച്ച് മലപ്പുറം എസ്.പി ദേബേഷ് കുമാര്‍ ബെഹ്റക്ക് അപേക്ഷ നല്‍കി. 1991 മുതല്‍ 96 വരെ ചെന്നൈയിലെ അംബദേകര്‍ ഗവണ്‍മെന്‍റ് ലോ കോളേജില്‍ അജിതയും താനും ഒരുമിച്ചു പഠിച്ചുവെന്നാണ് ഭഗവത് സിങ് പറയുന്നത്.