സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
ആഡംബര വാഹനം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസിലാണ് ജാമ്യാപേക്ഷ.
വാഹന നികുതി വെട്ടിപ്പ് കേസില്‍ സുരേഷ് ഗോപി എംപി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്ട്രര്‍ ചെയ്ത് കേരളത്തില്‍ നികുതി വെട്ടിച്ചുവെന്നാരോപിച്ച് ക്രൈംബ്രാഞ്ച് എടുത്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്ന പേരില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുരേഷ് ഗോപി എംപി ഹൈക്കോടതിയെ സമീപിച്ചത്. പോണ്ടിച്ചേരിയില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത സുരേഷ് ഗോപിയോട് രേഖകള്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഈ രേഖകള്‍ കൃത്രിമം ആണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. തുടര്‍ന്നാണ് സുരേഷ് ഗോപിക്കെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്.
എന്നാല്‍ ഈ വാഹനം കേരളത്തില്‍ ഉപയോഗിക്കുന്നില്ല. ഇത് ഡല്‍ഹിയിലും ബംഗളുരുവിലും ആണ് ഉപയോഗിക്കുന്നത്. അമിത വേഗതയില്‍ ഓടിച്ചിരുന്നു. ഇതിന് ചുമത്തിയ പിഴ അടച്ചിട്ടുണ്ട്. തനിക്ക് പോണ്ടിച്ചേരിയില്‍ കാര്‍ഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമിയുണ്ട്. ഇവിടെ വല്ലപ്പോഴും മാത്രമാണ് കാര്‍ ഉപയോഗിച്ചിട്ടുള്ളത്. അതിനാല്‍ ക്രൈംബ്രാഞ്ച് തനിക്കെതിരെ ചുമത്തിയ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ഹരജിയില്‍ പറയുന്നു.