സുരേഷ് ഗോപിയുടെ രാജ്യസഭാംഗത്വം രാഷ്ട്രപതി അംഗീകരിച്ചു
സുരേഷ് ഗോപിയുടെ രാജ്യസഭ അംഗത്വത്തിന് രാഷ്ട്രപതിയുടെ അംഗീകാരം.
സുരേഷ് ഗോപിയടക്കം ആറ് പേരെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. മുന്‍ ക്രിക്കറ്റ് താരം നവജോത് സിങ് സിദ്ധു, ബോക്സിങ് താരം മേരികോം തുടങ്ങിയവരും പട്ടികയിലുണ്ട്. കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് ഇവരെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ തീരുമാനിച്ചത്.
സുരേഷ് ഗോപിക്ക് പുറമെ മുന്‍ ക്രിക്കറ്റ് താരം നവജോത് സിങ് സിദ്ധു, ബോക്സിങ്താരം മേരികോം, ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി, മാധ്യമപ്രവര്‍ത്തകന്‍ ദാസ് ഗുപ്ത, മുന്‍ ദേശീയ ഉപദേശകസമിതി അംഗം നരേന്ദ്ര ജാദവ് എന്നിവരെയാണ് രാജ്യസഭാ അംഗങ്ങളായി നാമനിര്‍ദേശം ചെയ്തത്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഇവരുടെ പേരുകള്‍ രാഷ്ട്രപതിക്ക് അയച്ചു. രാഷ്ട്രപതി അംഗീകാരം നല്‍കിയതോടെ 6 പേര്‍ക്കും തിങ്കളാഴ്ച ആരംഭിക്കുന്ന രാജ്യസഭാ സമ്മേളനത്തില്‍ തന്നെ സത്യപ്രതിജ്ഞ ചെയ്യാനാകും.
നാമനിര്‍ദേശത്തില്‍ ഉള്‍പ്പെടുത്താവുന്നവരുടെ 7 ഒഴിവുകള്‍ ഉണ്ടെങ്കിലും 6 പേരെ മാത്രമാണ് ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വിശിഷ്ട വ്യക്തികളെ ഉള്‍പ്പെടുത്താനുള്ള മാര്‍ഗമുപയോഗിച്ച് രാഷ്ട്രീയ താത്പര്യം സംരക്ഷിക്കുകയാണ് ബിജെപി എന്ന് വിമര്‍ശം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി, മുന്‍ എംപി നവജോത് സിങ് സിദ്ധു, കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരകന്‍ സുരേഷ്ഗോപി എന്നിവരെ ഉള്‍പ്പെടുത്തിയത് ഇതിനുദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.