ബിജെപി കോഴ വിവാദം; വിജിലന്‍സ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം സ്പെഷ്യല്‍ സെല്‍ യൂണിറ്റ് രണ്ടിനാണ് അന്വേഷണ ചുമതല
ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം സ്പെഷ്യല്‍ സെല്‍ യൂണിറ്റ് രണ്ടിനാണ് അന്വേഷണ ചുമതല.ബിജെപിയുടെ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ കാര്യങ്ങള്‍ക്ക് അപ്പുറം കോഴയുമായി ബന്ധപ്പെട്ട് പുറത്ത് വരാത്ത കുറച്ച് വിവരങ്ങള്‍ കൂടിയുണ്ടെന്നാണ് വിജിലന്‍സിന്റെ നിഗമനം.
കോഴക്കേസില്‍ അതിവേഗത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റക്ക് നിര്‍ദ്ദേശം നല്‍കിയത്.തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ യൂണിറ്റ് രണ്ടിന്റെ എസ്പി ജയകുമാറിന് അന്വേഷണ ചുമതല വിജിലന്‍സ് ഡയറക്ടര്‍ കൈമാറി.
ബിജെപിയുടെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ശരിയാണോയെന്ന് പരിശോധിക്കുകയാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ആദ്യം ചെയ്യുക.ഇതിനായി ചെര്‍പ്പുളശ്ശേരി,വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളേജ് ഉടമകളെ ചോദ്യം ചെയ്യും.അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയവരുടെ മൊഴിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന എം.ടി രമേശ്, ആര്‍എസ് വിനോദ് എന്നിവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നിര്‍ദ്ദേശിച്ച് നോട്ടീസ് നല്‍കാനാണ് വിജിലന്‍സ് ശ്രമിക്കുന്നത്.