കൊച്ചിയില്‍ യുഡിഎഫിനെതിരെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം

Update: 2018-05-24 16:18 GMT
Editor : admin
കൊച്ചിയില്‍ യുഡിഎഫിനെതിരെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം
Advertising

കൊച്ചി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡൊമിനിക് പ്രസന്‍റേഷന് വെല്ലുവിളി ഉയര്‍ത്തി മുന്നേറുകയാണ് വിമത സ്ഥാനാര്‍ഥി കെ ജെ ലീനസ്

Full View

മുഖ്യമന്ത്രിക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും ആഞ്ഞടിച്ച് കൊച്ചിയില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. കൊച്ചി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡൊമിനിക് പ്രസന്‍റേഷന് വെല്ലുവിളി ഉയര്‍ത്തി മുന്നേറുകയാണ് വിമത സ്ഥാനാര്‍ഥി കെ ജെ ലീനസ്. മത്സരത്തില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ സമീപിച്ചെങ്കിലും സ്ഥാനാര്‍ഥിത്വവുമായി മുന്നോട്ട് പോകാനാണ് ലീനസിന്‍റെ തീരുമാനം.

വലിയ പ്രതിഷേധമാണ് ഡൊമിനിക് പ്രസന്റേഷന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരായി കൊച്ചിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ തുടക്കം മുതല്‍ ഉണ്ടായിരുന്നത്. ഏഴ് തവണ മത്സരിച്ച ഡൊമിനികിനെ ഇനി മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് വിഎം സുധീരനടക്കമുള്ള നേതാക്കളെയും ഇവര്‍ കണ്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഉയര്‍ത്തിയ കടുത്ത സമ്മര്‍ദ്ദമാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ സ്ഥാനാര്‍ഥിയെ വീണ്ടും മത്സരിപ്പിക്കാന്‍ കാരണമെന്ന് വിമതര്‍ പറയുന്നു. നട്ടെല്ലില്ലാത്ത നേതൃത്വമാണ് ഹൈക്കമാന്‍റിന് ഇപ്പോഴുള്ളത്. ഒരു കമാന്‍റുമില്ലാത്ത ശക്തിയായി ഹൈക്കമാന്‍റ് മാറിയെന്ന് ലീനസിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മുന്‍ എംഎല്‍എ ജോസ് കുറ്റ്യാനി പറഞ്ഞു.

5 വര്‍ഷം കൊണ്ട് കടം വര്‍ധിപ്പിച്ചുവെന്നല്ലാതെ എന്ത് വികസനമാണ് യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്നതെന്ന് വിമതര്‍ ചോദിക്കുന്നു. മെത്രാന്‍ കായല്‍ വിവാദം, ബാര്‍ കോഴ, സോളാര്‍ വിഷയങ്ങളും ഇവര്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്.

കൊച്ചിയുടെ വികസനത്തെ 50 വര്‍ഷം പുറകിലേക്ക് കൊണ്ടു പോയ എംഎല്‍എയാണ് ഡൊമിനിക് പ്രസന്‍റേഷനെന്ന് ലീനസ് പറയുന്നു.

കൊച്ചി ജനാധിപത്യ കോണ്‍ഗ്രസ് എന്ന സംഘടനയുണ്ടാക്കിയാണ് വിമതര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നത്. വലിയ ജനപങ്കാളിത്തമാണ് ലീനസിന്‍റെ തെരഞ്ഞെടുപ്പ് പരിപാടികള്‍ക്കുള്ളത്. കെ ജെ മാക്സിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ലീനസ് കൂടി എത്തിയതോടെ കൊച്ചിയിലെ തെരഞ്ഞെടുപ്പ് രംഗം കൂടുതല്‍ ചൂട് പിടിക്കുകയാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News