ആവേശത്തിന്റെ പരകോടിയില്‍ കൊട്ടിക്കലാശം
അണികളുടെ ആവേശം അതിരുകടന്ന് സംഘര്‍ഷത്തിലേക്ക് നീങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ മുന്നൊരുക്കങ്ങളാണ് ജില്ലാ ഭരണകൂടങ്ങള്‍ ഒരുക്കിയിരുന്നത്.
നിയമസഭാ വോട്ടെടുപ്പിന്റെ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം. വൈകിട്ട് ആറ് മണിയോടെ ശബ്ദപ്രചാരണത്തിന്റെ സമയപരിധി അവസാനിച്ചു. ആവേശത്തിന്റെ പരകോടിയില്‍ അണികള്‍ നിറഞ്ഞാടിയായിരുന്നു കൊട്ടിക്കലാശം. ചില ജില്ലകളില്‍ അഞ്ചു മണിയോടെ കൊട്ടിക്കലാശം അവസാനിപ്പിച്ചിരുന്നു. പ്രചാരണത്തിന്റെ അവസാന നിമിഷങ്ങള്‍ ആവേശകരമാക്കിയായിരുന്നു മുന്നണികളും സ്ഥാനാര്‍ഥികളും കലാശക്കൊട്ട് പൂര്‍ത്തിയാക്കിയത്. ഇനി നിശബ്ദ പ്രചരണത്തിന്റെ മണിക്കൂറുകള്‍.
ഇതേസമയം, കൊട്ടിക്കലാശത്തിനിടെ ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. അങ്കമാലി, ബാലരാമപുരം, കോഴിക്കോട്, അടിമാലി തുടങ്ങിയ സ്ഥലങ്ങളിലും നേരിയ സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. അങ്കമാലിയില്‍ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇവിടെ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ കേന്ദ്രസേനയും പൊലീസും രംഗത്തിറങ്ങി. ബാലരാമപുരത്തുണ്ടായ സംഘര്‍ഷത്തില്‍ നിരവധി എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കൊല്ലം കടക്കലില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ബിജെപി - സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഇതേത്തുടര്‍ന്ന് പൊലീസ് ലാത്തി വീശി. പത്തനാപുരത്ത് എല്‍ഡിഎഫ് - യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലും സംഘര്‍ഷമുണ്ടായി. ഉന്തിലും തള്ളിലും കെഎസ്‍യു പ്രവര്‍ത്തകന് പരിക്കേറ്റു. കണ്ണൂര്‍ മുഴപ്പിലങ്ങാട് കലാശക്കൊട്ടിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച മാര്‍ച്ച് ആദ്യവാരം തൊട്ട് രണ്ട് മാസത്തിലധികം നീണ്ട പ്രചാരണ കോലാഹലങ്ങള്‍ക്കാണ് ഇന്നത്തോടെ കൊടിയിറങ്ങിയത്. വികസന നേട്ടങ്ങള്‍ സംബന്ധിച്ച അവകാശവാദങ്ങളില്‍ തുടങ്ങി, സോളാര്‍-ബാര്‍ അഴിമതി ആരോപണങ്ങള്‍, ഭൂമിദാനം, ബിജെപി ബന്ധം, സ്ത്രീ സുരക്ഷ, ഒടുവില്‍ സൊമാലിയ വരെയെത്തിയ പ്രചാരണ വിഷയങ്ങള്‍. ആവനാഴിയിലെ എല്ലാ ആയുധങ്ങളും പയറ്റിയ പ്രചാരണ രംഗം.
സംസ്ഥാന നേതാക്കളുടെ പര്യടനത്തിന് പിന്നാലെ ദേശീയ നേതാക്കള്‍ പറന്നിറങ്ങി. ചുവരെഴുത്തും ഫ്ലക്സുകളും അനൌണ്‍സ്മെന്റുകളും ടിവി പരസ്യങ്ങളും പോരാഞ്ഞ് ഫേസ്ബുക്കിലും ട്വിറ്ററിലും നിറഞ്ഞുകവിഞ്ഞ നേതാക്കളുടെ ആരോപണ പ്രത്യാരോപണങ്ങള്‍.
സംസ്ഥാനം ഇതുവരെ കാണാത്ത ചൂടിനെ കവച്ചുവെക്കുന്നതായിരുന്നു രാഷ്ട്രീയ അന്തരീക്ഷത്തിലെ ഊഷ്മാവ്. നേരിട്ടുള്ള വോട്ടുപിടിത്തത്തെ ചൂട് ആദ്യഘട്ടത്തില്‍ പ്രതികൂലമായി ബാധിച്ചെങ്കിലും പോരാട്ടം കനത്തതോടെ സ്ഥാനാര്‍ഥികള്‍ വെയിലും ചൂടും വകവെക്കാതെ മണ്ണിലിറങ്ങി. തലങ്ങും വിലങ്ങും പാഞ്ഞ പ്രചാരണവാഹനങ്ങള്‍ വൈകുന്നേരം ആറ് മണിയോടെ തെരുവുകളൊഴിഞ്ഞു. ഇനി അവസാനവട്ട കൂട്ടലും കിഴിക്കലും. വോട്ടര്‍മാരെ നിശബ്ദമായി സ്വാധീനിക്കാനുള്ള തന്ത്രങ്ങള്‍, അടിയൊഴുക്കുകള്‍..
അണികളുടെ ആവേശം അതിരുകടന്ന് സംഘര്‍ഷത്തിലേക്ക് നീങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ മുന്നൊരുക്കങ്ങളാണ് ജില്ലാ ഭരണകൂടങ്ങള്‍ ഒരുക്കിയിരുന്നത്. മലപ്പുറത്ത് പലയിടങ്ങളിലും കൊട്ടിക്കലാശം ഒഴിവാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ധാരണയിലെത്തിയിരുന്നു.
വോട്ടെടുപ്പിന്റെ തലേന്നും വോട്ടിങ് ദിനത്തിലും മദ്യവില്‍പന നിരോധിച്ചിട്ടുണ്ട്.