ലീഗ് സംഘടനാ തെരഞ്ഞെടുപ്പ്; ഭാരവാഹിത്വം സംഘടിപ്പിക്കാന്‍ കെഎംസിസി നേതാക്കളുടെ ഇടി
മണ്ഡലം കമ്മിറ്റി മുതല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് വരെയുള്ള പദവികള്‍ക്കായാണ് കെഎംസിസി നേതാക്കള്‍ ശ്രമിക്കുന്നത്
സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്ന മുസ്ലിം ലീഗില്‍ പദവികള്‍ നേടിയെടുക്കാന്‍ കെഎംസിസി നേതാക്കളുടെ കടുത്ത സമ്മര്‍ദ്ദം. മണ്ഡലം കമ്മിറ്റി മുതല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് വരെയുള്ള പദവികള്‍ക്കായാണ് കെഎംസിസി നേതാക്കള്‍ ശ്രമിക്കുന്നത്. ഗള്‍ഫിലും മറ്റു വിദേശ രാഷ്ട്രങ്ങളിലും കെഎംസിസിയുടെ പേരിലാണ് മുസ്ലിം ലീഗിന്റെ സംഘടനാ പ്രവര്‍ത്തനം. വലിയ സാമ്പത്തിക സന്നാഹങ്ങളുള്ള കെഎംസിസിയുടെ നേതാക്കള്‍ക്ക് മുസ്ലിം ലീഗില്‍ നല്ല പരിഗണന ലഭിക്കാറുണ്ട്. എന്നാല്‍ മുസ്ലിം ലീഗിന്റെ സംഘടനാ പദവികളിലേക്ക് വരാന്‍ കെഎംസിസി നേതാക്കള്‍ സാധാരണ ശ്രമിക്കാറില്ല. ഖത്തര്‍ കെഎംസിസിയുടെ സ്ഥാപക നേതാവായ പാറക്കല്‍ അബ്ദുല്ല പാര്‍ട്ടി ഭാരവാഹിത്വത്തിലേക്ക് വരികയും പിന്നീട് കുറ്റ്യാടി എംഎല്‍എ ആവുകയും ചെയ്തു.
ഇതിന് ശേഷമാണ് കെഎംസിസി നേതാക്കള്‍ക്കിടയില്‍ പാര്‍ട്ടി ഭാരവാഹിയാകാനുള്ള ആഗ്രഹം ജനിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന മുസ്ലിം ലീഗിന്റെ സംഘടനാ തെരഞ്ഞെടുപ്പില്‍ കെഎംസിസി നേതാക്കള്‍ അരയും തലയും മുറുക്കി രംഗത്തുണ്ട്. പാര്‍ട്ടി ഭാരവാഹിത്വവും പിന്നീട് പാര്‍ലമെന്ററി പദവികളുമാണ് പലരുടെയും ലക്ഷ്യം.
കെഎംസിസിയുടെ യുഎഇ ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ കൊടുവള്ളി മണ്ഡലം ട്രഷറര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. യുഎഇ കെഎംസിസിയുടെ അധ്യക്ഷന്‍ ഡോ.പുത്തൂര്‍ റഹ്മാന്‍, സൌദി കെഎംസിസി അധ്യക്ഷന്‍ കെ പി മുഹമ്മദ് കുട്ടി, സി വി കെ യൂസുഫ്, തെരുവത്ത് ഖാദര്‍, പി എ റഹ്മാന്‍ തുടങ്ങിയ നേതാക്കളും ജില്ലാ കമ്മിറ്റികളിലും സംസ്ഥാന കമ്മിറ്റികളിലും പദവികള്‍ക്ക് ശ്രമിക്കുന്നുണ്ട്. സംഘടനാ തെരഞ്ഞെടുപ്പിലൂടെ തന്നെ പദവികള്‍ നേടാനാണ് പലരുടെയും ശ്രമം. അതിന് കഴിയാതെ വന്നാല്‍ നാമനിര്‍ദേശം വഴി കമ്മിറ്റികളില്‍ ഇടം പിടിക്കാനും ശ്രമമുണ്ട്. ഇതിനായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും സാദിഖലി ശിഹാബ് തങ്ങളെയും നിരന്തരം സന്ദര്‍ശിക്കുന്ന തിരക്കിലാണ് ചില കെഎംസിസി നേതാക്കള്‍. നാമനിര്‍ദ്ദേശത്തെ പാര്‍ട്ടി പ്രോല്‍സാഹിപ്പിക്കാത്തതിനാല്‍ കടുത്ത സമ്മര്‍ദ്ദം തന്നെ വേണ്ടി വരും.
മലപ്പുറം, കോഴിക്കോട് ജില്ലാ കമ്മിറ്റികളുടെ രൂപീകരണത്തിലാണ് കെഎംസിസി നേതാക്കളുടെ സമ്മര്‍ദ്ദം കൂടുതലുള്ളത്.