17 സീറ്റ് കിട്ടുമെന്ന് മുസ്‍ലിം ലീഗ്; 5 സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെടും

Update: 2018-05-27 04:16 GMT
Editor : admin
17 സീറ്റ് കിട്ടുമെന്ന് മുസ്‍ലിം ലീഗ്; 5 സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെടും
Advertising

കോഴിക്കോട് സൌത്ത്, താനൂര്‍, തിരുവമ്പാടി, കളമശ്ശേരി, അഴീക്കോട് സീറ്റുകളാണ് തോല്‍ക്കാന്‍ സാധ്യതയുള്ളത്.

Full View

പതിനേഴ് സീറ്റില്‍ പാര്‍ട്ടി വിജയിക്കുമെന്ന് മുസ്ലിം ലീഗിന്റെ വിലയിരുത്തല്‍. കഴിഞ്ഞ തവണ തോറ്റ രണ്ട് സീറ്റുകള്‍ ഇത്തവണ പിടിച്ചെടുക്കും. കോഴിക്കോട് സൌത്ത്, കളമശ്ശേരി ഉള്‍പ്പെടെ അഞ്ച് സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മുസ്ലിം ലീഗിന്റെ വിലയിരുത്തല്‍.

2011 ല്‍ മല്‍സരിച്ച 24 സീറ്റില്‍ 20 ഇടത്ത് വിജയിച്ച മുസ്ലിം ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ് അന്നുണ്ടാക്കിയത്. ഈ നേട്ടം നിലനിര്‍ത്താനാകില്ലെന്ന് പാര്‍ട്ടി തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ വിലയിരുത്തിയിട്ടുണ്ട്. വോട്ടെടുപ്പിന് ശേഷമുള്ള കണക്കുകള്‍ പരിശോധിച്ച ലീഗ് നേതൃത്വം അഞ്ച് സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തിയത്. കോഴിക്കോട് സൌത്ത്, താനൂര്‍, തിരുവമ്പാടി, കളമശ്ശേരി, അഴീക്കോട് സീറ്റുകളാണ് തോല്‍ക്കാന്‍ സാധ്യതയുള്ളത്.

ബാലുശ്ശേരി, കുറ്റ്യാടി സീറ്റുകള്‍ പിടിച്ചെടുക്കാനാകുമെന്നും പാര്‍ട്ടി കണക്കാക്കുന്നു. മണ്ണാര്‍ക്കാട് സീറ്റില്‍ കടുത്ത മല്‍സരം നടന്നിട്ടുണ്ടെങ്കിലും അയ്യായിരത്തില്‍ കുറയാത്ത വോട്ടുകളുടെ വിജയം പാര്‍ട്ടി പ്രതീക്ഷിക്കുന്നുണ്ട്. അഴീക്കോട് മണ്ഡലത്തില്‍ രണ്ടായിരത്തോളം വോട്ടുകള്‍ എസ്ഡിപിഐ ഇടതുപക്ഷത്തിന് മറിച്ചു നല്‍കിയിട്ടുണ്ട്. പകരം ബിജെപി വോട്ടുകളില്‍ ഒരു പങ്ക് ഷാജിക്ക് ലഭിച്ചതായും പറയുന്നുണ്ട്. എങ്കിലും വിജയിക്കാനുള്ള കുറഞ്ഞ സാധ്യതയേ പാര്‍ട്ടി കാണുന്നുള്ളൂ.

എ പി വിഭാഗം സുന്നികള്‍ യുഡിഎഫിനെതിരെ ശത്രുതാ സ്വഭാവത്തോടെ പണിയെടുത്തതിനാല്‍ പി കെ കുഞ്ഞാലിക്കുട്ടി മല്‍സരിക്കുന്ന വേങ്ങരയില്‍ ഉള്‍പ്പെടെ ഭൂരിപക്ഷം കുറയും. യുഡിഎഫിന് പരമ്പരാഗതമായി ലഭിച്ചുവന്ന സമസ്തയുടെ വോട്ടുകളില്‍ ഒരു ഭാഗം ഇടതുപക്ഷത്തിന് പോയതും നഷ്ടമുണ്ടാക്കിയെന്ന് മുസ്ലിം ലീഗ് വിലയിരുത്തുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News