കേരളത്തിലോടുന്ന എട്ട് ട്രയിനുകള്‍ രണ്ട് മാസത്തേക്ക് റദ്ദാക്കി

Update: 2018-06-03 01:58 GMT
Editor : Subin
കേരളത്തിലോടുന്ന എട്ട് ട്രയിനുകള്‍ രണ്ട് മാസത്തേക്ക് റദ്ദാക്കി
Advertising

 ജീവനക്കാരുടെ കുറവും അറ്റകുറ്റപ്പണികളും കാരണമാണ് ട്രയിനുകള്‍ റദ്ദാക്കിയതെന്ന് റെയില്‍വെ

സംസ്ഥാനത്ത് എട്ട് ട്രയിനുകള്‍ താത്കാലികമായി റദ്ദാക്കി. ശബരിമല സീസണ്‍ തുടങ്ങിയതോടെ കൂടുതല്‍ ട്രയിനുകള്‍ അനുവദിച്ചതിനാല്‍ ജീവനക്കാരില്ലാത്തതും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള സൌകര്യത്തിനുമായാണ് ട്രയിനുകള്‍ റദ്ദാക്കുന്നതെന്ന് റെയില്‍വേ അറിയിച്ചു.

Full View

കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം മെമു, എറണാകുളം-കായംകുളം പാസഞ്ചര്‍, എറണാകുളം - കൊല്ലം മെമു, ആലപ്പുഴ വഴിയുള്ള എറണാകുളം - കായംകുളം പാസഞ്ചര്‍ എന്നിവയാണ് റദ്ദാക്കിയത്. ഇവയുടെ മടക്കയാത്രയും ചേരുമ്പോള്‍ ആകെ എട്ട് ട്രയിനുകള്‍. നാളെ മുതല്‍ തീരുമാനം നടപ്പിലാകും.

ശബരിമല സീസണ്‍ കഴിയും വരെയാണ് പുതിയ ക്രമീകരണം. ശബരിമല സീസണ്‍ ആരംഭിച്ചതോടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 130ഓളം ട്രയിനുകള്‍ ഈ പാതയില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇത് കൂടാതെ അറ്റകുറ്റപ്പണികള്‍ക്കായി ട്രാക്ക് മഷീനും ബല്ലാസ്റ്റ് മഷീനും പ്രവര്‍ത്തിക്കണം. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി റദ്ദാക്കിയ ട്രയിനുകളിലെ ജീവനക്കാരെ പുനര്‍വിന്യസിക്കും.

Full View

ഒരു മെമുവില്‍ ഒരു ലോക്കോ പൈലറ്റും ഒരു ഗാര്‍ഡും വേണം. പാസഞ്ചറിന് രണ്ട് ലോക്കോ പൈലറ്റും ഒരു ഗാര്‍ഡും. രണ്ട് മാസത്തേക്കാണ് റദ്ദാക്കുന്നതെങ്കിലും യാത്രക്കാര്‍ക്ക് വലില പ്രയാസം നേരിടുകയും പരാതികള്‍ ഉയരുകയും ചെയ്താല്‍ റദ്ദാക്കിയവയില്‍ ഏതെങ്കിലും ട്രയിനുകള്‍ നേരത്തെ പുനഃസ്ഥാപിക്കാനിടയുണ്ടെന്നും റയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

റദ്ദാക്കുന്ന ട്രെയിനുകള്‍

1 കൊല്ലം - എറണാകുളം മെമു(66300) കോട്ടയം വഴി
2 എറണാകുളം - കൊല്ലം മെമു (66301) കോട്ടയം വഴി
3 എറണാകുളം - കായംകുളം പാസഞ്ചര്‍ (56387) കോട്ടയം വഴി
4 കായംകുളം - എറണാകുളം പാസഞ്ചര്‍ (56388) കോട്ടയം വഴി
5 എറണാകുളം - കൊല്ലം മെമു (66307) കോട്ടയം വഴി
6 കൊല്ലം- എറണാകുളം മെമു (66308) കോട്ടയം വഴി
7 എറണാകുളം - കായംകുളം പാസഞ്ചര്‍ (56381) ആലപ്പുഴ വഴി
8 കായംകുളം - എറണാകുളം പാസഞ്ചര്‍ (56382) ആലപ്പുഴ വഴി

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News