കക്ഷി ചേരേണ്ട; അമ്മ ഭാരവാഹികളായ നടിമാരുടെ ഹര്‍ജിയെ എതിര്‍ത്ത് ആക്രമിക്കപ്പെട്ട നടി
തനിക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന് ഇരയായ നടി കോടതിയെ അറിയിച്ചു
നടിയെ ആക്രമിച്ച കേസിലെ വിചാരണക്ക് പ്രത്യേക കോടതി വേണമെന്ന ഹര്‍ജിയിൽ കക്ഷിച്ചേരാനുള്ള അമ്മ എക്സിക്യുട്ടീവ് അംഗങ്ങളുടെ ഹർജിയെ അക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ എതിർത്തു. അമ്മ അംഗങ്ങള്‍ക്ക് എന്താണ് ഈ ഹർജിയിൽ താൽപ്പര്യമെന്ന് കോടതി ആരാഞ്ഞു. ഹണി റോസ്, രചന നാരായണൻകുട്ടി എന്നീ നടിമാരാണ് കക്ഷിചേരാൻ അപേക്ഷ നൽകിയത്.
നടിയെ അക്രമിച്ച കേസിൽ വനിതാ ജഡ്ജിയും വിചാരണക്ക് പ്രത്യേക കോടതിയും വേണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയിൽ കക്ഷി ചേരാനാണ് രചന നാരായണൻകുട്ടി, ഹണി റോസ് എന്നിവർ ഹര്‍ജി നൽകിയത്. തനിക്ക് മറ്റുള്ളവരുടെ സഹായം ആവശ്യമില്ലെന്നും ഹര്‍ജിയിൽ കക്ഷി ചേരേണ്ട ആവശ്യമില്ലെന്നും നടി കോടതിയെ അറിയിച്ചു. സർക്കാരും ഇക്കാര്യത്തിൽ എതിർപ്പ് അറിയിച്ചു. താൻ സിനിമാ സംഘടനയായ അമ്മയിൽ നിലവിൽ അംഗമല്ലെന്നും നടി കോടതിയെ അറിയിച്ചു.
കേസിൽ നിലവിലെ പ്രോസിക്യൂട്ടറെ മാറ്റണമെന്നും 25 വർഷം സർവീസുള്ള അഭിഭാഷകനെ നിയമിക്കണമെന്നും നടിമാർ ആവശ്യപ്പെട്ടു. എന്നാൽ പ്രോസിക്യൂട്ടറെ നിയമിച്ചത് തന്നോട് ആലോചിച്ചാണെന്നും അതിൽ എതിരഭിപ്രായമില്ലെന്നും നടിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നാണ് അമ്മ അംഗങ്ങൾക്ക് എന്താണ് ഈ ഹർജിയിൽ താൽപര്യമെന്ന് കോടതി ചോദിച്ചത്.
വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യത്തോട് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചു. ചീഫ് ജസ്റ്റിസിന്റെ അനുമതിക്കായി അപേക്ഷ നൽകിയതായും മറുപടി ലഭിച്ചിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. തുടർന്ന് ഹര്‍ജികൾ 17ന് പരിഗണിക്കാൻ മാറ്റി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹര്‍ജി 16ന് കോടതി പരിഗണിക്കും.