'വെടിയേറ്റത് വേട്ടയാടലിനിടയില്‍'; നെടുങ്കണ്ടത്ത് ഗൃഹനാഥന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ മൂന്നു പേർ അറസ്റ്റിൽ
പ്രതികളുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല
ഇടുക്കി: നെടുങ്കണ്ടം സ്വദേശി സണ്ണി വെടിയേറ്റ് മരിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ.മാവടി സ്വദേശികളായ സജി, ബിനു, മുനിയറ സ്വദേശി വിനീഷ് എന്നിവരാണ് പിടിയിലായത്. വന്യമൃഗത്തെ വേട്ടയാടിയപ്പോൾ സണ്ണിക്ക് വെടിയേറ്റെന്നാണ് പ്രതികൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
നെടുങ്കണ്ടത്ത് ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി 11. 30 നാണ് മാവുടി സ്വദേശി സണ്ണിക്ക് വെടിയേൽക്കുന്നത്. നാട്ടുകാരാണ് വെടിയേറ്റ വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സണ്ണി കിടന്നിരുന്ന കട്ടിലിനോട് ചേര്‍ന്നുള്ള അടുക്കള ഭാഗത്തെ വാതിലില്‍ അഞ്ചുബുള്ളറ്റുകള്‍ തറച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പുറത്ത് നിന്നുള്ള ആരോ വെടിവെച്ചതാണെന്ന സംശയം ഉയര്‍ന്നത്. നാടൻ തോക്ക് ഉപയോഗിച്ച് വെടിവെച്ചതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. വെടിയുണ്ടയുടെ ഭാഗങ്ങൾ മൃതദേഹത്തിൽ നിന്ന് കണ്ടെത്തിയിരുന്നു.
സണ്ണിയുടെ വീടിനടുത്തെ ഏലത്തോട്ടത്തില്‍ വന്യമൃഗത്തെ വേട്ടയാടിപ്പോള്‍ അബദ്ധത്തില്‍ വെടിയേല്‍ക്കുകയാണെന്നാണ് പ്രതികള പൊലീസിനോട് പറഞ്ഞത്. ഈ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. അതേസമയം, വെടിവെച്ചതിന് ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെടുത്തിട്ടില്ല.സമീപത്തെ കുളത്തില്‍ തോക്ക് ഉപേക്ഷിച്ചെന്നാണ് പ്രതികളുടെ മൊഴി. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയാണ് കേസ് അന്വേഷിച്ചത്.