സംസ്ഥാനത്ത് നാല് വര്‍ഷത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 47 പേര്‍

22 പേരുടെ മരണകാരണം പേവിഷബാധയാണെന്ന് സംശയിക്കുന്നതായും ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നു

Update: 2024-05-03 01:59 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: സംസ്ഥാനത്ത് നാല് വര്‍ഷത്തിനിടെ തെരുവുനായ ആക്രമണത്തിൽ പേവിഷബാധയേറ്റ് മരിച്ചത് 47 പേര്‍. 2020 മുതല്‍ 2024 ജനുവരി വരെയുളള കണക്കുകളാണ് പുറത്തുവന്നത്. ഇക്കാലയളവിൽ പത്ത് ലക്ഷത്തിലധികം പേരാണ് പരിക്കേറ്റ് ചികിത്സ തേടിയത്. 22 പേരുടെ മരണകാരണം പേ വിഷബാധയാണെന്ന് സംശയിക്കുന്നതായും ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

ആരോഗ്യ വകുപ്പിന്‍റെ കണക്കുകളനുസരിച്ച് നാല് വര്‍ഷത്തിനിടെ കൊല്ലം ജില്ലയില്‍ മാത്രം 10 പേര്‍ക്കാണ് പേ വിഷബാധയേറ്റ് ജീവന്‍ നഷ്ടമായത്. ഇക്കാലയളവില്‍ തിരുവനന്തപുരത്ത് 9 പേരും കണ്ണൂരില്‍ അഞ്ച് പേരും പേ വിഷബാധയേറ്റ് മരിച്ചു. തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നാല് പേര്‍ വീതമാണ് മരിച്ചത്.

എറണാകുളത്ത് മൂന്ന് മരണങ്ങളാണ് 2020 ജനുവരി മുതല്‍ 2024 ജനുവരി വരെ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെ ഈ മാസം പെരുമ്പാവൂര്‍ സ്വദേശിയും പേ വിഷബാധയേറ്റ് മരിച്ചിരുന്നു. ആലുവയിൽ വച്ചാണ് ഇദ്ദേഹത്തിന് തെരുവുനായയുടെ കടിയേറ്റത്. അന്നേ ദിവസം 13 പേരെ ഈ നായ ആക്രമിച്ചിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച കളമശേരിയിലെ വിവിധ ഇടങ്ങളില്‍ തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്കാണ് പരിക്കേറ്റത്. പിന്നാലെ നായയെ ചത്തനിലയില്‍ കണ്ടെത്തുകയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നായക്ക് പേ വിഷബാധയുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പ്രതിരോധ കുത്തിവെപ്പുകള്‍ സ്വീകരിച്ചിട്ടും പേവിഷബാധയെത്തുടര്‍ന്നുളള മരണം ജനങ്ങളില്‍ ആശങ്ക ഉണ്ടാക്കിയിരക്കുകയാണ്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News