വീണ്ടും കുംകി താവളത്തിന് സമീപമെത്തി അരിക്കൊമ്പൻ; വനംവകുപ്പ് ആനയെ കാട്ടിലേക്ക് തുരത്തി
കഴിഞ്ഞ കുറച്ച് ദിവസമായി ദൗത്യ മേഖലക്ക് സമീപം സിമൻറ് പാലത്താണ് അരിക്കൊമ്പനുള്ളത്
ഇടുക്കി : പിടികൂടാനുള്ള നടപടികൾ വൈകുന്നതിനിടെ അരിക്കൊമ്പൻ വീണ്ടും കുംകി താവളത്തിന് സമീപമെത്തി. വനപാലകരും ആർ.ആർ.ടി.സംഘവുമെത്തി ആനയെ കാട്ടിലേക്ക് തുരത്തി. കഴിഞ്ഞ കുറച്ച് ദിവസമായി ദൗത്യ മേഖലക്ക് സമീപം സിമൻറ് പാലത്താണ് അരിക്കൊമ്പനുള്ളത്.
രാവിലെ പതിനൊന്നേകാലോടെയാണ് അരിക്കൊമ്പൻ ചിന്നക്കനാൽ സിമൻറ് പാലത്തെ കുങ്കി ക്യാമ്പിന് സമീപമെത്തിയത്. കൂടെ ഒരു പിടിയാനയും രണ്ടു കുട്ടിയാനകളുമുണ്ടായിരുന്നു. ആന ആക്രമത്തിന് മുതിരാതിരിക്കാൻ വനപാലകർ പടക്കം പൊട്ടിച്ച് ശബ്ദമുണ്ടാക്കി. കുംകികളെ ആക്രമിക്കുമോ എന്ന ഭയം വനം വകുപ്പിനുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ സുരക്ഷ ഒരുക്കി. ചക്കക്കൊമ്പൻ എന്ന കൊമ്പനാനയും സിംഗുകണ്ടത്തെ ജനവാസ മേഖലക്ക് സമീപമാണുള്ളത്. ഇന്നലെയും അരിക്കൊമ്പൻ കുംകിയാനകൾക്ക് സമീപം അരിക്കൊമ്പൻ എത്തിയത്.
കുംകിയൈനകളോടപ്പം ദൗത്യസംഘത്തെയും ചിന്നക്കനാലിൽ തുടരാൻ കോടതി നിർദേശിച്ചിരുന്നു. അതേ സമയം ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിലെ നാലുപേർ ചിന്നക്കനാൽ ശാന്തൻപാറ പഞ്ചായത്തുകളിൽ നാളെ സന്ദർശനം നടത്തും. ജന വികാരം സമിതിയെ അറിയിക്കാനാണ് നാട്ടുകാരുടെ തീരുമാനം. അഞ്ചാം തിയതി കേസ് വീണ്ടും പരിഗണിച്ച് തുടർനടപടികൾ സ്വീകരിക്കുക.
അരിക്കൊമ്പൻ അപകടകാരിയാണെന്ന് വനംവകുപ്പ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. 2005ന് ശേഷം ചിന്നക്കനാൽ-ശാന്തൻപാറ ഭാഗത്ത് 34 പേർ ആന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിൽ ഏഴ് പേരെ കൊന്നത് അരിക്കൊമ്പനാണ്. മൂന്നുമാസത്തിനിടെ 31 കെട്ടിടങ്ങൾ തകർത്തു.2017ൽ മാത്രം തകർത്തത് 52 വീടുകളും ഷോപ്പുകളുമാണ്. അരിക്കൊമ്പനെ പിടികൂടി കോടനാട്ടേക്ക് മാറ്റുകയോ, റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിനുള്ളിലേക്ക് തുറന്നു വിടുകയോ ചെയ്യും. നിലവിലെ പ്രദേശത്ത് നിന്നും അരിക്കൊമ്പനെ മാറ്റേണ്ടത് അനിവാര്യമാണെന്നാണ് വനംവകുപ്പിന്റെ വാദം.